വാഷിംഗ്ടണ്‍: യുഎസിലുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി. അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് ഒരു യുഎസ് സൈനിക വിമാനം പുറപ്പെട്ടതായി തിങ്കളാഴ്ച വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡോണാള്‍ഡ് ട്രംപ് രണ്ടാം തവണയും ഭരണം നേടി തിരിച്ചെത്തിയതിനുശേഷം ഇതാദ്യമായാണ് സി-17 സൈനിക വിമാനത്തില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നത്.
കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടെങ്കിലും കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിയാതെ ഇന്ത്യയില്‍ എത്തിച്ചേരില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ പ്രധാന പ്രവേശന കവാടമായി ഉപയോഗിച്ചിരുന്ന യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയച്ചുകൊണ്ടും കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടും അവരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറന്നുകൊണ്ടും ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായത്തോടെ തന്റെ കുടിയേറ്റവിരുദ്ധ അജണ്ട വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി വരികയാണ്.
നിയമവിരുദ്ധരെന്ന് കരുതപ്പെടുന്ന കുടിയേറ്റക്കാരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് നാടുകടത്തല്‍ വിമാനങ്ങള്‍ കൊണ്ടുപോയത്. രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റതിനുശേഷം അനധികുടിയേറ്റക്കാരെ തിരിച്ചയക്കുന്ന വിമാനങ്ങള്‍ സഞ്ചരിക്കുന്ന ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
18,000 ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്രംപിന് ഉറപ്പുനല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ നാടുകടത്തലായിരിക്കും ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും നടത്തിയ സംഭാഷണത്തിനിടെ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്ത്യക്കാരുടെ നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു.
കുടിയേറ്റത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച ചെയ്തതായും 'അനധികൃത കുടിയേറ്റക്കാരെ' തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ 'ശരിയായ കാര്യങ്ങള്‍' ചെയ്യുമെന്ന് പറഞ്ഞതായും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇരു നേതാക്കളും പ്രത്യുത്പാദനക്ഷമമായ ചര്‍ച്ചയാണ്' നടത്തിയതതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം 'വികസിപ്പിക്കാനും ആഴത്തിലാക്കാനും' എന്തെല്ലാം ചെയ്യണമെന്ന് ആലോചിച്ചതായും വൈറ്റ് ഹൗസ് പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 'ക്രമരഹിത കുടിയേറ്റം' എന്ന് വിശേഷിപ്പിച്ച വിഷയം റൂബിയോ ജയ്ശങ്കറിന്റെ ശ്രദ്ധയില്‍പെടുത്തി. യുഎസിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തെ ന്യൂഡല്‍ഹി 'ശക്തമായി എതിര്‍ക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്ന പൗരന്മാര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞാല്‍ അവരെ നിയമപരമായി നാട്ടിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് ജയശങ്കര്‍ യുഎസ് അധികൃതര്‍ക്ക് ഉറപ്പുകൊടുത്തു.
സമീപ വര്‍ഷങ്ങളില്‍ യുഎസില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തലില്‍ 'ക്രമേണ വര്‍ദ്ധനവ് ' ഉണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിലെ (D-H-S) അതിര്‍ത്തി, കുടിയേറ്റ നയ അസിസ്റ്റന്റ് സെക്രട്ടറി റോയ്സ് മുറെ നവംബറില്‍ പറഞ്ഞിരുന്നു.
യുഎസുമായുള്ള 'പതിവ് കോണ്‍സുലാര്‍ സംഭാഷണത്തിന്റെയും ക്രമീകരണത്തിന്റെയും' ഭാഗമെന്നാണ് നാടുകടത്തലുകളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കുടിയേറ്റത്തിനും ആളുകളുടെ യാത്രകള്‍ക്കും ആവശ്യമായ 'ക്രമീകരണങ്ങള്‍' നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
യുഎസില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുമായി സൈനികവിമാനം പുറപ്പെട്ടു