വാഷിംഗ്ടണ്‍: യു എസ് അതിര്‍ത്തിയിലൂടെയുള്ള ഫെന്റനൈല്‍ കടത്തിനെതിരെ പോരാടുന്നതിന് സംയുക്ത നടപടികള്‍ സ്വീകരിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമും തീരുമാനിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തീരുമാനമായത്. ഇതോടെ മെക്‌സിക്കോയ്‌ക്കെതിരെ യു എസ് താരിഫ് ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
യു എസ് താരിഫ് ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തുകയാണെന്ന് ഷെയിന്‍ബോം തിങ്കളാഴ്ച എക്സില്‍ എഴുതി.
മെക്‌സിക്കന്‍ പ്രസിഡന്റുമായുള്ള തന്റെ സംഭാഷണം വളരെ സൗഹൃദപരമായിരുന്നുവെന്നും മെക്‌സിക്കോയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയില്‍ 10,000 മെക്‌സിക്കന്‍ സൈനികരെ ഉടന്‍ നിയമിക്കാന്‍ സമ്മതിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
മെക്‌സിക്കോയ്ക്കുമേലുള്ള 25 ശതമാനം താരിഫ് ഒരു മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ഈ സമയത്ത് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്, മെക്‌സിക്കോയുടെ ഉന്നതതല പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി ഇരു രാജ്യങ്ങളും തമ്മില്‍ 'കരാര്‍' ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും ആ ചര്‍ച്ചകളില്‍ പ്രസിഡന്റ് ഷെയിന്‍ബോമുമായി പങ്കെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
ഉയര്‍ന്ന നിലവാരമുള്ള ആയുധങ്ങള്‍ മെക്‌സിക്കോയിലേക്ക് കടത്തുന്നത് തടയാന്‍ പ്രവര്‍ത്തിക്കാന്‍ യു എസ് സമ്മതിച്ചതായും മെകിസ്‌ക്കോ പറഞ്ഞു. സുരക്ഷ, വ്യാപാരം എന്നീ രണ്ട് മേഖലകളില്‍ തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നും ഷെയിന്‍ബോം കൂട്ടിച്ചേര്‍ത്തു.
കരാറിന്റെ വിശദാംശങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്ത ശേഷം നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ പോരാടുന്നതിനുള്ള സമീപകാല ഉഭയകക്ഷി ശ്രമങ്ങളെ എടുത്തുകാണിച്ചുകൊണ്ട് ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന ക്രിയാത്മകമായ ഒരു ടെലിഫോണ്‍ സംഭാഷണം താന്‍ നടത്തിയെന്നും അത് ഇതിനകം തന്നെ 'ഫലങ്ങള്‍ കാണിക്കുന്നുണ്ടെന്നും' ഷെയിന്‍ബോം പറഞ്ഞു.