ഡല്‍ഹിയില്‍ ഇന്ന് നിശബ്ദ പ്രചരണം; നാളെ വോട്ടെടുപ്പ്

ഡല്‍ഹിയില്‍ ഇന്ന് നിശബ്ദ പ്രചരണം; നാളെ വോട്ടെടുപ്പ്


ന്യൂഡല്‍ഹി: ഒരുമാസത്തോളം നീണ്ട ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച വൈകിട്ട് അവസാമനിച്ചു. ഇന്ന് (ചൊവ്വ) സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നിശ്ശബ്ദ പ്രചാരണം നടത്തും. ബുധനാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുക. പ്രചാരണം ശക്തമാക്കി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസും കളം നിറഞ്ഞതോടെ വാശിയേറിയ പോരാട്ടത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്.

മൂന്നാം തണയും അധികാരം പിടിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ ഭരണകക്ഷിയെ അട്ടിമറിച്ച് ഡല്‍ഹി പിടിച്ചെടുക്കാനുള്ള തന്ത്രങ്ഹളും കണക്കുകൂട്ടലുകളുമാണ് ബി.ജെ.പിക്ക്. വോട്ടുശതമാനം വര്‍ധിപ്പിച്ച് വിജയം നേടാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ഏതാനും സീറ്റുകള്‍ ജയിക്കാനാകുമെന്നും പാര്‍ട്ടി സ്വപ്‌നം കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തുടങ്ങിയവരാണ് പ്രചാരണം നയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ വികസന മോഡലും ക്ഷേമ പദ്ധതികളും ഡല്‍ഹി മദ്യനയ അഴിമതിയും യമുന നദിയിലെ മലിനീകരണവുമടക്കം സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പിനെ ദേശീയരാഷ്ട്രീയവും ഉറ്റുനോക്കുകയാണ്.

വിവിധ ജനക്ഷേമ പദ്ധതികള്‍ക്കൊപ്പം ക്ഷേത്രങ്ങളിലെ മുഴുവന്‍ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ ഗ്രന്ഥകന്മാര്‍ക്കും മാസം 18,000 രൂപ വീതം നല്‍കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജനയുടെ പ്രഖ്യാപനവുമായി ഹിന്ദുക്ഷേമത്തിനൊപ്പമുള്ള സര്‍ക്കാറാണ് തങ്ങളുടേതെന്ന പ്രഖ്യാപനവും ആം ആദ്മി പാര്‍ട്ടി നടത്തി. അതേസമയം, നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ എന്‍.ഡി.എ സഖ്യത്തിലെ എം.എല്‍.എമാരും ബി.ജെ.പി മന്ത്രിമാരുമടക്കമുള്ളവരെ രംഗത്തിറക്കിയാണ് ബി.ജെ.പിയുടെ ജീവന്‍മരണ പോരാട്ടം. ജാതി-മതപരിഗണന അടിസ്ഥമാക്കി 70 മണ്ഡലങ്ങളിലും രണ്ട് എം.പിമാരെ വീതം നിയോഗിച്ചിരുന്നു. വാഗ്ദാനങ്ങളിലും എ.എ.പിയോട് മത്സരിക്കുന്നതായിരുന്നു ബി.ജെ.പിയുടെ തന്ത്രം. അവസാന ലാപ്പില്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കി. ജനപ്രിയ വാഗ്ദാനങ്ങളുമായി രാഹുലും പ്രിയങ്കയുമടക്കമുള്ളവര്‍ കളം നിറഞ്ഞതോടെ പ്രചാരണരംഗം ചൂടുപിടിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

 പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും രാജ്യതലസ്ഥാനത്ത് പ്രചാരണത്തിന് വീറും വാശിയുമേറെയായിരുന്നു. പ്രമുഖ നേതാക്കളെല്ലാം തന്നെ പ്രചാരണത്തിനായി രംഗത്തിറങ്ങി.

സത്യസന്ധരായ മനുഷ്യരുടെ പാര്‍ട്ടിയോ ഗുണ്ടകളുടെ പാര്‍ട്ടിയോ എന്ന് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുക്കാമെന്ന് കെജ്രിവാള്‍ അവസാന ഘട്ട പ്രചാരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് റാലിയില്‍ വ്യക്തമാക്കി. മോദിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വന്നാല്‍ എല്ലാവരുടെയും മുകളിലൂടെ കയറിയിറങ്ങുമെന്നും ഛത്തര്‍പൂരില്‍ നടന്ന റാലിയില്‍ കെജ്രിവാള്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് ഡല്‍ഹിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒമ്പതാം തരത്തില്‍ പ്രകടനം മോശമായാല്‍ 10-ാം തരത്തില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുകയാണ്. ഇത് അവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസിത ഡല്‍ഹിക്കായി ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ പ്രചാരണപരിപാടിയില്‍ ആവശ്യപ്പെട്ടു. ജംഗ്പുര മണ്ഡലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും കേന്ദ്ര മന്ത്രി അമിത് ഷായുടെയും പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസിന് മാത്രമാണ് ഡല്‍ഹിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാവുകയെന്ന് പ്രിയങ്ക പറഞ്ഞു. കെജ്രിവാളും സിസോദിയയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയുടെ വികസനവും ഷാ ഉറപ്പുനല്‍കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനി, ശിവസേന എം.പി സഞ്ജയ് റൗട്ട് എന്നിവരും വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഇതിനിടെ, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് കമീഷന് കത്തുനല്‍കി. അതേസമയം, വോട്ടര്‍മാര്‍ക്കിടയില്‍ വിതരണത്തിനെത്തിച്ച 218 കോടി രൂപ വിവിധ ഏജന്‍സികള്‍ പിടികൂടി. വിവിധ സംഭവങ്ങളിലായി 2,703 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.