ആറു പതിറ്റാണ്ടിലേറെയായി സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിങ്കളാഴ്ച പറഞ്ഞു, മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു ഏജന്‍സിയുടെ നിയന്ത്രണം ഏറ്റെടുത്തതിനുപിന്നാലെയാണ് ലോകമെമ്പാടും നല്‍കിവന്നിരുന്ന യുഎസ് സഹായം നിര്‍ത്താലാക്കുന്നതുസംബന്ധിച്ച ആശങ്കകള്‍ സൃഷ്ടിക്കപ്പെട്ടത്.
മാനുഷിക സഹായത്തിനും വികസന സഹായത്തിനുമുള്ള സര്‍ക്കാരിന്റെ പ്രധാന ഏജന്‍സിയായ യു.എസ്.എ.ഐ.ഡിയില്‍ ഒരാഴ്ചയായി സമൂലമായ മാറ്റങ്ങള്‍ വരുത്തിയതിനുശേഷമാണ് റൂബിയോയുടെ പ്രഖ്യാപനം. ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു, നൂറുകണക്കിന് സിവില്‍ സര്‍വീസുകാരെയും കോണ്‍ട്രാക്ടര്‍മാരെയും മുന്നറിയിപ്പില്ലാതെ യു.എസ്.എ.ഐ.ഡി സംവിധാനങ്ങളില്‍ നിന്ന് പുറത്താക്കി.
ഗവണ്‍മെന്റ് ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള ഒരു ടാസ്‌ക് ഫോഴ്സിനെ നയിക്കാന്‍ പ്രസിഡന്റ് ട്രംപ് നിയോഗിച്ച എലോണ്‍ മസ്‌കിന്റെ പ്രതിനിധികള്‍ കോണ്‍ഗ്രസിലെ എയ്ഡ് വര്‍ക്കേഴ്‌സിന്റെയും ഡെമോക്രാറ്റുകളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് യുഎസ്എഐഡിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിനാല്‍, പല വെട്ടിക്കുറവുകളും രഹസ്യമായും മുന്നറിയിപ്പില്ലാതെയുമാണ് നടപ്പിലാക്കിയത്.
യു.എസ്.എ.ഐ.ഡിയുടെ പല പരിപാടികളും മൂല്യവത്തായതാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കുടക്കീഴില്‍ തുടരുമെന്നും, ഏജന്‍സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വിദേശ സഹായ ഡയറക്ടര്‍ പീറ്റ് മറോക്കോയെ ഏല്‍പ്പിക്കുമെന്നും എല്‍ സാല്‍വഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, റൂബിയോ പറഞ്ഞു.
'യു.എസ്.എ.ഐ.ഡിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ആവശ്യമെങ്കില്‍ സംഘടനയിലെ അഴിച്ചുപണിയും മറോക്കോ ആരംഭിക്കുമെന്നും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ദേശീയ താല്‍പ്പര്യവുമായി യോജിപ്പിക്കുന്നതിനുമായി ഏകോപിപ്പിക്കുമെന്നും വിദേശകാര്യങ്ങളും അനുബന്ധ വിഹിതങ്ങളും സംബന്ധിച്ച ഹൗസ്, സെനറ്റ് കമ്മിറ്റികളിലെ ഉന്നത റിപ്പബ്ലിക്കന്‍മാര്‍ക്കും ഡെമോക്രാറ്റുകള്‍ക്കും അയച്ച കത്തില്‍, റൂബിയോ അറിയിച്ചു.
പരിപാടികള്‍, പദ്ധതികള്‍, ദൗത്യങ്ങള്‍, ബ്യൂറോകള്‍, കേന്ദ്രങ്ങള്‍, ഓഫീസുകള്‍ എന്നിവ 'താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ അല്ലെങ്കില്‍ ഇല്ലാതാക്കുകയോ ചെയ്യാം. യു.എസ്.എ.ഐ.ഡി തന്നെ ബാധകമായ നിയമത്തിന് അനുസൃതമായി നിര്‍ത്തലാക്കപ്പെടാമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
യു.എസ്.എ.ഐ.ഡിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളാണ് സംഘടനാപരമായ മാറ്റത്തിന് പ്രേരണയായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെക്കുകയും ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള ന്യായമായ ചോദ്യങ്ങളുമായി സഹകരിക്കാതിരിക്കുകയും ചെയ്തത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.
യു.എസ്.എ.ഐ.ഡി ജീവനക്കാര്‍ ''ദേശീയ താല്‍പ്പര്യത്തില്‍ നിന്നോ നികുതിദായകരുടെ പണത്തില്‍ നിന്നോ വേറിട്ട ഒരു ആഗോള ചാരിറ്റിയാണെന്ന് ധാരണയിലാണ് പ്രവര്‍ത്തിച്ചതെന്ന് റൂബിയോ ആരോപിച്ചു. അത്തരം അനുസരണക്കേടുകള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടി്‌ചേര്‍ത്തു.
യു.എസ്.എ.ഐ.ഡിയെക്കുറിച്ചുള്ള ഒരു ''ക്രിമിനല്‍ സംഘടന''യാണെന്ന് ആരോപിച്ച മസ്‌കിനേക്കാള്‍ മൃദുവായ വിമര്‍ശനമാണ് റൂബിയോ നടത്തിയതെങ്കിലും ഏജന്‍സിയെ ഉടച്ചുവാര്‍ക്കുകയോ വേണമെങ്കില്‍ പിരിച്ചുവിടുകയോ ചെയ്യണമെന്ന അഭിപ്രായത്തില്‍ ട്രംപിനൊപ്പം അദ്ദേഹം ഉറച്ചനിലപാടിലാണ്.
''ഞങ്ങള്‍ അത് അടച്ചുപൂട്ടുകയാണെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു തത്സമയ ചാറ്റില്‍ പറഞ്ഞു.
യു.എസ്.എ.ഐ.ഡി നിലവില്‍ ''കടുത്ത ഭ്രാന്തന്മാരാണ് നടത്തുന്നത്'' എന്നും അവരെ പിരിച്ചുവിടുമെന്നും ട്രംപ് ഞായറാഴ്ച, പറഞ്ഞു.
യു.എസ്.എ.ഐ.ഡി. വാഷിംഗ്ടണിലെ ആസ്ഥാനം അടച്ചിടുമെന്നതിനാല്‍ തിങ്കളാഴ്ച ജോലിക്ക് ഹാജരാകരുതെന്ന് ജീവനക്കാരോട് രാത്രി അയച്ച സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു. ഇതിനകം തടസ്സപ്പെട്ട ഏജന്‍സി ഉടന്‍ തന്നെ അടച്ചുപൂട്ടപ്പെടുമെന്ന ആശങ്ക ഇതോടെ വര്‍ദ്ധിച്ചു.
മസ്‌കിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഈസ്‌റ്റേണ്‍ ടൈം പുലര്‍ച്ചെ 12:45 ഓടെയാണ് ജീവനക്കാര്‍ക്ക് അസാധാരണമായ ഈ നിര്‍ദ്ദേശം ഇമെയില്‍ ചെയ്തത്. എന്നാല്‍ പലരും ഇതിനകം തന്നെ മെയിലില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്തിരുന്നതിനാല്‍ എല്ലാ ജീവനക്കാര്‍ക്കും കുറിപ്പ് വായിക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ ഓഫീസിലേക്ക് വരരുതെന്ന് ടെക്സ്റ്റ് സന്ദേശം വഴി അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
ഫീല്‍ഡ് ഓഫീസുകളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന നൂറുകണക്കിന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് വാരാന്ത്യത്തില്‍ അവരുടെ ഔദ്യോഗിക ഇമെയിലുകളിലേക്കും സിസ്റ്റങ്ങളിലേക്കും പ്രവേശനം നഷ്ടപ്പെട്ടുവെന്ന് മാറ്റങ്ങളെക്കുറിച്ച് അറിവുള്ള അഞ്ച് പേര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ, നേരിട്ടുള്ള സിവില്‍ സര്‍വീസ് നിയമനങ്ങളില്‍ ഏര്‍പ്പെട്ട പലര്‍ക്കും അവരുടെ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് കണ്ടെത്തിയെന്ന്, ആളുകള്‍ പറഞ്ഞു.
ഈ ക്രൂരമായ നീക്കങ്ങള്‍ നിരവധി യു.എസ്.എ.ഐ.ഡി. ജീവനക്കാരെ ഞെട്ടിച്ചു. വിദേശ സഹായത്തോടുള്ള തന്റെ വെറുപ്പ് ട്രംപ് അറിയിച്ചിരുന്നെങ്കിലും, അവരുടെ ഏജന്‍സി പൂര്‍ണ്ണമായും പിരിച്ചുവിടപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല.
തിങ്കളാഴ്ച, 100-ലധികം യു.എസ്.എ.ഐ.ഡി. ജീവനക്കാര്‍ വാഷിംഗ്ടണിലെ റൊണാള്‍ഡ് റീഗണ്‍ കെട്ടിടത്തിന് മുന്നില്‍ തടിച്ചുകൂടി. പലരും യുഎസ് പതാകകളും 'ജനാധിപത്യം മരിച്ചു' എന്നു കുറിച്ച സൈന്‍ ബോര്‍ഡുകളും പിടിച്ചിരുന്നു. അടച്ചുപൂട്ടലുകള്‍ക്കെതിരെ ആഞ്ഞടിച്ച ഒരു കൂട്ടം ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളും അവരോടൊപ്പം ചേര്‍ന്നു, പ്രത്യേകിച്ച് മസ്‌കിനെ കുറ്റപ്പെടുത്തിക്കൊണ്ട് അവര്‍ പ്രതിഷേധക്കാരില്‍ പ്രകോപനമുണ്ടാക്കി.
'നമുക്ക് എലോണ്‍ മസ്‌ക് എന്ന പേരില്‍ ഒരു നാലാമത്തെ സര്‍ക്കാര്‍ ശാഖയില്ലെന്ന് മേരിലാന്‍ഡിലെ ഡെമോക്രാറ്റിക് പ്രതിനിധി ജാമി റാസ്‌കിന്‍ ഒത്തുകൂടിയവരോട് പറഞ്ഞു. അമേരിക്കന്‍ ജനതയുടെ പണം നിയന്ത്രിക്കുന്നത് മസ്‌ക് അല്ലെന്നും അതിന് കോണ്‍ഗ്രസ് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന് സഹായം ചെയ്യാന്‍ കോണ്‍ഗ്രസ് സൃഷ്ടിച്ച ഒരു ഏജന്‍സിയെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് നിയലംഘനമാണെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു.
നിലവില്‍ മാര്‍ച്ച് 14 വരെ ഫെഡറല്‍ ഗവണ്‍മെന്റിന് ധനസഹായം ഏജന്‍സിക്ക് ലഭിക്കും.
'യുഎസ്എഐഡി ഏകപക്ഷീയമായി അടച്ചുപൂട്ടുന്നത് നിയമവിരുദ്ധമാണെന്ന് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റും ന്യൂനപക്ഷ നേതാവുമായ സെനറ്റര്‍ ചക്ക് ഷൂമര്‍ തിങ്കളാഴ്ച വേദിയില്‍ പറഞ്ഞു. 'കോണ്‍ഗ്രസ് സൃഷ്ടിച്ച ഒരു സ്വതന്ത്ര ഏജന്‍സിയെ ഇല്ലാതാക്കാന്‍ ഡോണാള്‍ഡ് ട്രംപിന് അധികാരമില്ല. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും യു.എസ്.എ.ഐ.ഡി.യുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മസ്‌കിന്റെ പ്രതിനിധികളുടെ നിര്‍ദ്ദേശപ്രകാരം യു.എസ്.എ.ഐ.ഡി.യെ നശിപ്പിക്കാന്‍ കഴിയുമെങ്കില്‍, 'അവര്‍ നാളെ മറ്റൊരു ലക്ഷ്യത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പിക്കാം' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജീവനക്കാരെ പുറത്താക്കി യു.എസ്.എ.ഐ.ഡിയുടെ നിയന്ത്രണംമാര്‍ക്കോ റൂബിയോ ഏറ്റെടുത്തു