ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി അധികാരത്തില്‍ വരുമെന്ന് കെജ്രിവാള്‍ ; അട്ടിമറി വിജയം നേടുമെന്ന് ബിജെപി

ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി അധികാരത്തില്‍ വരുമെന്ന് കെജ്രിവാള്‍ ; അട്ടിമറി വിജയം നേടുമെന്ന് ബിജെപി


ന്യൂഡല്‍ഹി : ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഡല്‍ഹിയില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ആംആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ആംആദ്മി പാര്‍ട്ടി 55 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്

ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി ഏറ്റവും വലിയ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്താല്‍ 60 സീറ്റുകള്‍ വരെ എഎപി നേടാന്‍ സാധ്യതയുണ്ട്. 'എന്റെ കണക്കനുസരിച്ച്, ആം ആദ്മി പാര്‍ട്ടിക്ക് 55 സീറ്റുകള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ സ്ത്രീകള്‍ എല്ലാവരും വോട്ടുചെയ്താല്‍ 60 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും,' എന്ന് കെജ്രിവാള്‍ എക്സില്‍ കുറിച്ചു.

കെജ്രിവാള്‍, മനീഷ് സിസോഡിയ, അതിഷി എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി, ജങ്പുര, കല്‍ക്കാജി എന്നീ മണ്ഡലങ്ങളില്‍ എഎപി ചരിത്രപരമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ഗുണ്ടായിസം നടത്തുകയാണെന്നും വോട്ടിനായി പണം നല്‍കുന്നുണ്ടെന്നും കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.

ബിജെപി വിജയിക്കുമെന്ന് രാജ്നാഥ് സിങ്

അതേസമയം, നാളെ നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ഇത്തവണ ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കാന്‍ തീരുമാനിച്ചു.

ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ന്നു, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഈ കണക്കുകള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ആംആദ്മി ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചു എന്നതില്‍ സംശയമില്ല,' സിങ് പറഞ്ഞു.

ഡല്‍ഹി ആര്‍ക്കൊപ്പം?

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെയാണ് ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയത്. 2015 ല്‍ 70 ല്‍ 67 സീറ്റുകള്‍ നേടി, 2020 ല്‍ 62 സീറ്റുകള്‍ നേടിയുമാണ് എഎപി വിജയിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ മാത്രമേ നേടാനായത്.

അതേസമയം കോണ്‍ഗ്രസിന് രണ്ട് തവണയും ഒരു സീറ്റും നേടാനായില്ല. എങ്കിലും, ഈ തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നാണ് പ്രവചനം. ആം ആദ്മിയുടെ കുതിപ്പ് തകര്‍ക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

2013 വരെ 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്, മുസ്ലിം, ദളിത് ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍, പരമ്പരാഗത വോട്ടര്‍ അടിത്തറ വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സീലംപൂര്‍, മാതിയ മഹല്‍, ബല്ലിമാരന്‍, ഓഖ്ല, ചാന്ദ്നി ചൗക്ക്, സീമാപുരി, സുല്‍ത്താന്‍പൂര്‍ മജ്റ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 12 പ്രധാന സീറ്റുകളിലെങ്കിലും കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ വലിയ പോരാട്ടം നടക്കുമെന്നാണ് പ്രവചനം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദളിത്, മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് സജീവമായി പ്രചാരണം നടത്തിയിരുന്നു. ഡല്‍ഹിയിലെ 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.