ഇലോണ്‍മസ്‌കിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല; എല്ലാം അറിയിക്കാറുണ്ട്: ഡോണള്‍ഡ് ട്രംപ്

ഇലോണ്‍മസ്‌കിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല; എല്ലാം അറിയിക്കാറുണ്ട്: ഡോണള്‍ഡ് ട്രംപ്


വാഷിഗ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പിടിമുറുക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇലോണ്‍ മസ്‌കിന് സ്വന്തമായി തീരുമാനം എടുക്കാനാകില്ലെന്ന് യുഎസ് ട്രംപ് പറഞ്ഞു. എല്ലാ കാര്യങ്ങളും തന്നെ അറിയിക്കുമെന്നും പ്രസിഡന്റ് പറയുന്നു. 'അനുമതിയില്ലാതെ ഇലോണ്‍ മസ്‌കിന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. അദ്ദേഹം അത് ചെയ്യുകയുമില്ല' എന്നാണ് ട്രംപിന്റെ പ്രതികരണം.

യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അവസാനിപ്പിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സര്‍ക്കാരിന്റെ പേയ്മെന്റ് സിസ്റ്റത്തിനുള്ളില്‍ ഇലോണ്‍ മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് പ്രവേശനം നല്‍കിയതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് ഇലോണ്‍ മസ്‌കിന് പ്രവേശനം അനുവദിക്കില്ലെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്ന ഇടങ്ങളിലേക്ക് ട്രംപ് ഭരണകൂടം അനുവദിക്കുന്ന ആളുകളെ മാത്രമേ അയക്കാന്‍ മസ്‌കിന് അനുവാദമുള്ളുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അനധികൃതമായി അമേരിക്കയില്‍ എത്തിയ ഇന്ത്യക്കാരെ വിമാനത്തില്‍ കയറ്റി അയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ട്രംപ് പ്രസിഡണ്ടായതിനു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ആദ്യ നടപടിയാണിത് ഇപ്പോഴുണ്ടായിരിക്കുന്നത്. C-17 വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ ഈ വിമാനം ഇന്ത്യയിലെത്തുമെന്നാണ് സൂചന.

യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചറിയാനും നാട്ടിലേക്ക് തിരിച്ചയക്കാനും സഹകരിക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നു. ട്രംപ് ഭരണകൂടവുമായുള്ള ബന്ധം നിലനിര്‍ത്താനും വ്യാപാര തര്‍ക്കങ്ങള്‍ ഒഴിവാക്കാനുമാണിത്. ഏകദേശം 18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുതലായിരിക്കാമെന്ന് ബ്ലൂംബെര്‍ഗ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ റിപ്പോര്‍ട്ട് പ്രകാരം എത്ര പേരെ നാടുകടത്തുമെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അതോടൊപ്പം, മെക്‌സിക്കോയ്ക്ക് പിന്നാലെ കാനഡക്കെതിരായ ഇറക്കുമതി തീരുവയും ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു. ഒരു മാസത്തേക്കാണ് ഇറക്കുമതി തീരുവ ചുമത്തല്‍ നടപടി മരവിപ്പിച്ചിരിക്കുന്നത്. അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കണമെന്ന യുഎസിന്റെ ആവശ്യം കാനഡ അംഗീകരിച്ചതോടെയാണ് ട്രംപിന്റെ നീക്കം. മെക്‌സിക്കോയ്ക്കും കാനഡക്കും എതിരെ ചുമത്തിയിരുന്ന 25 ശതമാനം ഇറക്കുമതി തീരുവ ഇന്ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രംപ് പുതിയ നീക്കം നടത്തിയത്.