ന്യൂഡല്‍ഹി: എഎപി മേധാവി അരവിന്ദ് കെജ്രിവാളിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ്, യമുനയിലെ ജലത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന ആരോപണത്തില്‍ എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ ചൊവ്വാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഭാരതീയ ന്യായ സംഹിത നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ പ്രകാരം ഹരിയാനയിലെ കുരുക്ഷേത്രയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹരിയാന സര്‍ക്കാര്‍ യമുനയിലെ ജലത്തില്‍ 'വിഷം കലര്‍ത്തി' എന്ന് ആരോപിച്ച് ഷഹബാദ് നിവാസിയായ ജഗ്മോഹന്‍ മഞ്ചന്ദയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെജ്രിവാളിനും മറ്റുള്ളവര്‍ക്കുമെതിരെ ബിഎന്‍എസ് ആക്ടിലെ 192, 196(1), 197(1), 248(എ).
ഡല്‍ഹിയിലൂടെയും ഹരിയാനയിലൂടെയും ഒഴുകുന്ന യമുനയുടെ ജല ഗുണനിലവാര പ്രശ്നങ്ങള്‍ ഹരിയാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ യമുന ജല തര്‍ക്കത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ പുറത്തുവന്നത്. ഇതോടെ വന്‍ വിവാദം ഉയരുകയായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹരിയാന അധികൃതര്‍ തള്ളിക്കളഞ്ഞു.
കെജ്രിവാളിന്റെ പ്രസ്താവനയെ 'നിര്‍ഭാഗ്യകരം' എന്നു വിളിച്ച ഹരിയാന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി പൊതുജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.