ഗ്രീസിലെ സാന്റോറിനി ദ്വീപില്‍ രണ്ടു ദിവസത്തിനിടെ മുന്നൂറിലേറെ ഭൂകമ്പങ്ങള്‍; ജനങ്ങള്‍ പലായനം ചെയ്യുന്നു

ഗ്രീസിലെ സാന്റോറിനി ദ്വീപില്‍ രണ്ടു ദിവസത്തിനിടെ മുന്നൂറിലേറെ ഭൂകമ്പങ്ങള്‍; ജനങ്ങള്‍ പലായനം ചെയ്യുന്നു


ഏഥന്‍സ്: സാന്റോറിനി ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ പലായനം ചെയ്തു. 48 മണിക്കൂറിനുള്ളില്‍ നൂറുകണക്കിന് ഭൂകമ്പങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്.

ഞായറാഴ്ച മുതല്‍ ഏകദേശം ഒന്‍പതിനായിരം പേരാണ് ദ്വീപ് വിട്ടുപോയത്. പതിനയ്യായിരമാണ് ഇവിടുത്തെ ജനസംഖ്യ. 

ദ്വീപിനടുത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 300-ലധികം ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. ഭൂചലനങ്ങള്‍ ആഴ്ചകളോളം തുടരുമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. അധികാരികള്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും വലിയ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് ജനങ്ങളോട് ശാന്തത പാലിക്കാന്‍ ആഹ്വാനം ചെയ്തു.

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് സാന്റോറിനി.

തുടര്‍ച്ചയായ ഭൂകമ്പങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ പലരും കാറിനകത്താണ് ഉറങ്ങാന്‍ നിര്‍ബന്ധിതരായത്.

ദ്വീപില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലായി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച മുതല്‍ ഏകദേശം 6,000 പേര്‍ ഫെറിയില്‍ ദ്വീപ് വിട്ടതായും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 2,500 മുതല്‍ 2,700 വരെ യാത്രക്കാര്‍ സാന്റോറിനിയില്‍ നിന്ന് ഏഥന്‍സിലേക്ക് വിമാനം വഴി പറന്നതായും ഏജിയന്‍ എയര്‍ലൈന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിവില്‍ പ്രൊട്ടക്ഷന്‍ മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഒമ്പത് അടിയന്തര വിമാന സര്‍വീസുകള്‍ നടത്തിയതായി ഏജിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു. 

മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഭൂകമ്പവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശബ്ദമാണ് ആളുകളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. 

ദ്വീപിലെ സ്‌കൂളുകള്‍ വെള്ളിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദ്വീപിന്റെ ചില പ്രദേശങ്ങളില്‍ നിന്നും മാറാനും നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കാതിരക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വലിയ ഭൂകമ്പങ്ങള്‍ ഉണ്ടായാല്‍ അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള പദ്ധതികള്‍ നിലവിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സാന്റോറിനിയുടെ വടക്കുകിഴക്കുള്ള ആനിഡ്രോസ് എന്ന ചെറിയ ദ്വീപിന് ചുറ്റുമുള്ള പ്രദേശത്തു നിന്നാണ് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും ഉത്ഭവിക്കുന്നത്.

വലിയ അഗ്നിപര്‍വ്വതങ്ങള്‍ ദ്വീപിന്റെ സമീപങ്ങളിലുണ്ടെങ്കിലും 1950കള്‍ക്ക് ശേഷം അവ സജീവമല്ല. ഇപ്പോഴത്തെ ഭൂകമ്പങ്ങള്‍ അഗ്നിപര്‍വ്വത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതല്ലെന്നും ടെക്‌റ്റോണിക് പ്ലേറ്റ് ചലനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഗ്രീക്ക് അധികൃതര്‍ പറഞ്ഞു.