സ്റ്റോക്ക്‌ഹോം: സെന്‍ട്രല്‍ സ്വീഡനിലെ ഒറെബ്രോയിലെ ഒരു സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന കൂട്ട വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് പ്രധാന പോലീസ് ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ഒറെബ്രോയിലെ വാസ്തഗ ജില്ലയിലെ റിസ്ബെര്‍ഗ്സ്‌ക സ്‌കൂളിലാണ് വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തത്.
'ഇത് നിലവില്‍ കൊലപാതകശ്രമം, തീവയ്പ്പ്, ഗുരുതരമായ ആയുധ കുറ്റകൃത്യം എന്നിവയായി കാണുന്നു' എന്ന് പൊലീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
സ്വീഡന് വേദനാജനകമായ ദിവസമെന്നാണ് എക്സിലെ പോസ്റ്റില്‍ സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ വിശദീകരിച്ചത്. ആക്രമണം ബാധിച്ചവരോടൊപ്പമാണ് തന്റെ ചിന്തകളെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംഭവസ്ഥലത്തെ അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമയം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്വീഡിഷ് പൊലീസ് നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പറഞ്ഞു. എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി.
അഞ്ചില്‍ നാല് പേര്‍ക്ക് ശസ്ത്രക്രിയ നടത്തി. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
സംശയിക്കപ്പെടുന്ന അക്രമി പുരുഷനാണെന്ന് പോലീസ് പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
സുരക്ഷിതമായി സ്ഥലം വിടാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെട്ടു. ഒറെബ്രോ നഗരത്തിലെ വാസ്തഗ പ്രദേശത്ത് നിന്ന് മാറിനില്‍ക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടു.
കോംവുക്‌സ് അഥവാ മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രത്തിലാണ് വെടിവയ്പ്പ് നടന്നത്. പ്രാഥമികമായി പ്രൈമറി അല്ലെങ്കില്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍ത്തിയാക്കാത്ത ആളുകളാണ് ഈ കേന്ദ്രങ്ങളില്‍ പങ്കെടുക്കുന്നത്.
മാത്രമല്ല, അടുത്തുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സുരക്ഷയുടെ ഭാഗമായി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടു.
സാഹചര്യം ഗുരുതരമാണെന്ന് സ്വീഡിഷ് നീതിന്യായ മന്ത്രി ഗുന്നര്‍ സ്‌ട്രോമര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.