റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, തുള്‍സി ഗബ്ബാര്‍ഡ് എന്നിവരുടെ നാമനിര്‍ദ്ദേശത്തിന് പ്രാഥമിക വോട്ടെടുപ്പില്‍ അംഗീകാരം

റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, തുള്‍സി ഗബ്ബാര്‍ഡ് എന്നിവരുടെ നാമനിര്‍ദ്ദേശത്തിന് പ്രാഥമിക വോട്ടെടുപ്പില്‍ അംഗീകാരം


വാഷിംഗ്ടണ്‍: പ്രധാനചുമതലകള്‍ വഹിക്കാന്‍ തന്റെ കാബിനറ്റിലേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെയും തുളസി ഗബ്ബാര്‍ഡിനെയും സെനറ്റ് കമ്മിറ്റികള്‍ പ്രാഥമിക വോട്ടെടുപ്പിലൂടെ സ്ഥിരീകരിച്ചു. ഇനി സെനറ്റില്‍ സമ്പൂര്‍ണ വോട്ടെടുപ്പ് നടത്തും.

കെന്നഡിയെ അടുത്ത യുഎസ് ആരോഗ്യ സെക്രട്ടറിയായും ഗബ്ബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായുമാണ് സെനറ്റ് ഹിയറിംഗ് കമ്മിറ്റികള്‍ തിരഞ്ഞെടുത്തത്. ഇവരുടെ നാമനിര്‍ദ്ദേശം ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.  കൂടാതെ സെനറ്റ് വോട്ടെടുപ്പില്‍ ആവശ്യമായ പിന്തുണ അവര്‍ക്ക് ലഭിക്കുമോ എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പ് നേരിടുന്ന കെന്നഡിയെ ചൊവ്വാഴ്ച, സെനറ്റ് ഫിനാന്‍സ് കമ്മിറ്റി 14-13 വോട്ടുകള്‍ക്കാണ് അംഗീകരിച്ചത്. റിപ്പബ്ലിക്കന്‍മാര്‍ മാത്രമാണ് അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

സമാനമായി എതിര്‍പ്പ് നേരിട്ട ഗബ്ബാര്‍ഡ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുമ്പില്‍ 9-8 വോട്ടുകള്‍ക്കാണ് കടമ്പ കടന്നത്.  

53-47 എന്ന നിലയില്‍ റിപ്പബ്ലിക്കന്‍മാരുടെ നിയന്ത്രണത്തിലുള്ള പൂര്‍ണ്ണ യുഎസ് സെനറ്റിന് മുമ്പായി ഇരുവരുടെയും നാമനിര്‍ദ്ദേശം വോട്ടെടുപ്പിലേക്ക് നീങ്ങും.

വാക്‌സിനുകളെക്കുറിച്ചുള്ള സംശയം ഉന്നയിച്ചത് കാരണം സ്ഥിരീകരണ പ്രക്രിയയില്‍, ആരോഗ്യ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെന്നഡിക്ക് രണ്ട് പാര്‍ട്ടികളുടെയും നിയമനിര്‍മ്മാതാക്കളില്‍ നിന്ന് ചില എതിര്‍പ്പുകള്‍ നേരിട്ടു. യുഎസ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് മതിയായ വൈദഗ്ധ്യം ഉണ്ടോയെന്നും ചിലര്‍ ചോദ്യം ചെയ്തു.

താന്‍ വാക്‌സിനുകളെ എതിര്‍ക്കുന്നില്ലെന്നും ഒരു ഗൂഢാലോചന സിദ്ധാന്തക്കാരനല്ലെന്നും കെന്നഡി പറഞ്ഞു. എന്നാല്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകളെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു..

എന്നിരുന്നാലും, സെനറ്റര്‍മാര്‍ പലപ്പോഴും വാക്‌സിനുകളെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്‍കാല അഭിപ്രായങ്ങള്‍ ചോദ്യം ചെയ്തു. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ഒന്നുമില്ലെന്നതുള്‍പ്പെടെ പോസ്റ്റ് കാഡിലൂടെയും മറ്റും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു.  

ഡെമോക്രാറ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് കെന്നഡിയുടെ 'മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍' എന്ന മുദ്രാവാക്യത്തെ പ്രശംസിച്ചു. എന്നാല്‍ അടുത്ത കാലം വരെ കെന്നഡി നേതൃത്വം നല്‍കിയിരുന്ന ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സ് എന്ന സംഘടന വിറ്റ വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങള്‍ അച്ചടിച്ച ശിശുവസ്ത്രങ്ങളുടെ ചിത്രങ്ങളും സെനറ്റര്‍ കാണിച്ചു.

തനിക്ക് ഇനി ഗ്രൂപ്പിന്റെ മേല്‍നോട്ടം ഇല്ലെന്നാണ് കെന്നഡി പ്രതികരിച്ചത്.

കഴിഞ്ഞയാഴ്ചത്തെ സാക്ഷ്യപ്പെടുത്തലില്‍ കെന്നഡിക്ക് ഒരു ഡെമോക്രാറ്റിനെയും തന്റെ പക്ഷത്ത് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും, ലൂസിയാന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡിയുടെ നിര്‍ണായക പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഫിസിഷ്യന്‍ കൂടിയായ കാസിഡി ട്രംപിന്റെ നോമിനിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കെന്നഡിയും വൈറ്റ് ഹൗസും ഇടപെട്ടതിനുശേഷം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ സമ്പൂര്‍ണ സെനറ്റ് വോട്ടിന് വഴിയൊരുങ്ങി.

കെന്നഡി റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനും പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരുമകനുമാണ്.

2024-ല്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി അദ്ദേഹം ആദ്യം രംഗത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് പിന്‍വാങ്ങുകയും സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ച് ട്രംപിനെ പിന്തുണക്കുകയും ചെയ്തു.

സമീപ വര്‍ഷങ്ങളില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ആരോഗ്യ സംരക്ഷണം - ഭക്ഷ്യ സുരക്ഷ നയങ്ങളെ വിമര്‍ശിക്കുകയും വാക്‌സിന്‍ വിരുദ്ധ വാദം പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഒരു പരിസ്ഥിതി വാദി എന്ന നിലയില്‍ നേരത്തെ തന്നെ കെന്നഡി തന്റെ പേര് അടയാളപ്പെടുത്തിയിരുന്നു.

ഹെല്‍ത്ത് സെക്രട്ടറി എന്ന നിലയില്‍, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്), സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസ് തുടങ്ങിയ വലിയ ഏജന്‍സികളുടെ ചുമതല കെന്നഡിക്കായിരിക്കും. .

ഈ ഫെഡറല്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പലരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് കെന്നഡി പറഞ്ഞിരുന്നു. യുഎസ് ഭക്ഷണ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതിന് തന്റെ നോമിനിക്ക് വിശാലമായ അവസരം നല്‍കുമെന്ന് ട്രംപും പറഞ്ഞിരുന്നു.

മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ 2017-ല്‍ കാണാനും പ്രതിരോധിക്കാനുമുള്ള തീരുമാനവും ദേശീയ സുരക്ഷാ ഏജന്‍സി വിസില്‍ബ്ലോവര്‍ എഡ്വേര്‍ഡ് സ്‌നോഡന് മാപ്പ് നല്‍കാനുള്ള മുന്‍ നീക്കവും ഉള്‍പ്പെടെയുള്ള മുന്‍കാല വിവാദ നിലപാടുകള്‍ക്ക് എതിര്‍പ്പ് നേരിട്ട വ്യക്തിയാണ് ഇന്റലിജന്‍സ് ഡയറക്ടര്‍ നോമിനിയായ തുള്‍സി ഗബ്ബാര്‍ഡ്.

സ്ഥിരീകരണ സാക്ഷ്യപ്പെടുത്തലിന്റെ ഒരുഘട്ടത്തില്‍, യുഎസില്‍ അറസ്റ്റും വിചാരണയും നേരിടുന്നത് ഒഴിവാക്കാന്‍ റഷ്യയിലേക്ക് പലായനം ചെയ്ത സ്‌നോഡനെ - ഒരു 'രാജ്യദ്രോഹി' ആയി പ്രഖ്യാപിക്കേണ്ടതല്ലേ എന്ന ചോദ്യമുന്നയിച്ച് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഗബ്ബാര്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സ്‌നോഡന്‍ 'നിയമം ലംഘിച്ചു' എന്ന് മാത്രം പറഞ്ഞുകൊണ്ട് തുള്‍സി അതിന് നേരിട്ട് ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

മാറ്റങ്ങളിലേക്ക് നയിച്ച 'വളരെയധികം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പരിപാടികള്‍' സ്‌നോഡന്‍ തുറന്നുകാട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഭാവിയിലെ നിയമവിരുദ്ധമായ ചോര്‍ച്ചകളും വെളിപ്പെടുത്തലുകളും തടയാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നുമാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ ഗബ്ബാര്‍ഡ് ന്യായീകരിച്ചതായി നിരവധി സെനറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നിട്ടും, ഗബ്ബാര്‍ഡിനോട് ആദ്യം അകല്‍ച്ച കാണിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒടുവില്‍ പിന്തുണക്കാന്‍ തയ്യാറായി.

തന്റെ ആശങ്കകള്‍ ഗബ്ബാര്‍ഡ് അംഗീകരിച്ചതായി മെയ്‌നിലെ സെനറ്റര്‍ സൂസന്‍ കോളിന്‍സ്, പറഞ്ഞു. 'നമ്മുടെ ദേശീയ സുരക്ഷയെ മുന്നോട്ട് കൊണ്ടുപോകാനുള്ള' പ്രതിബദ്ധത ഉറപ്പിച്ചതിന് ശേഷം താനും ഗബ്ബാര്‍ഡിനെ പിന്തുണയ്ക്കുമെന്ന് ഇന്ത്യാനയിലെ സെനറ്റര്‍ ടോഡ് യങ്, പ്രഖ്യാപിച്ചു.

ഹവായിയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് വുമണും ഇറാഖില്‍ ഒരു മെഡിക്കല്‍ യൂണിറ്റില്‍ സേവനമനുഷ്ഠിച്ച സൈനിക വിദഗ്ധയുമാണ് തുള്‍സി ഗബ്ബാര്‍ഡ് .

മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന ഗബ്ബാര്‍ഡ്  കോണ്‍ഗ്രസില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സംരക്ഷണം പോലുള്ള ഉദാരവല്‍ക്കരണ ആവശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
2020-ല്‍ അവര്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നാമനിര്‍ദ്ദേശത്തിനായി മത്സരിക്കുകയും പിന്നീട് ജോ ബൈഡനെ അംഗീകരിക്കുകയും ചെയ്തു.
2022ലാണ് ഗബ്ബാര്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടത്