യുഎസിന് ചൈനയുടെ തിരിച്ചടി; കല്‍ക്കരിക്കും പ്രകൃതിവാതകത്തിനും ക്രൂഡ് ഓയിലിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി

യുഎസിന് ചൈനയുടെ തിരിച്ചടി; കല്‍ക്കരിക്കും പ്രകൃതിവാതകത്തിനും ക്രൂഡ് ഓയിലിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി


ഗൂഗ്‌ളിനെതിരെ അന്വേഷണം

ബെയ്ജിങ്: ഇറക്കുമതി തീരുവ കൂട്ടി വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന് അതേ നാണയത്തില്‍ ചൈനയുടെ തിരിച്ചടി. യു.എസില്‍നിന്നുള്ള കല്‍ക്കരിക്കും പ്രകൃതിവാതകത്തിനും 15 ശതമാനവും ക്രൂഡ് ഓയിലിന് പത്ത് ശതമാനവും ഇറക്കുമതി തീരുവയാണ് ചൈന ഏര്‍പ്പെടുത്തിയത്. കാര്‍ഷികോപകരണങ്ങള്‍ക്കും കാറുകള്‍ക്കും പത്ത് ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തിയതിന് പുറമെ, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്‍ ഗൂഗ്‌ളിനെതിരെ ചൈന വിശ്വാസ വഞ്ചനക്ക് അന്വേഷണവും ആരംഭിച്ചു.

'യു.എസ് ഏകപക്ഷീയമായി തീരുവ വര്‍ധിപ്പിച്ചത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ്. ഇതിലൂടെ സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് മാത്രമല്ല, യു.എസും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാര സഹകരണത്തെ മോശമാക്കുകയും ചെയ്യും'' -ചൈനയുടെ ഔദ്യോഗിക പ്രതികരണത്തില്‍ പറയുന്നു. നേരത്തെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യു.എസ് പത്ത് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചൈനയുടെ നീക്കം.

കമ്പോള നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിനാണ് ഗൂഗ്‌ളിനെതിരെ അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ചൈന തയാറായിട്ടില്ല. ഗൂഗ്‌ളിന്റെ സെര്‍ച്ച് എന്‍ജിന്‍ ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കെയാണ് അന്വേഷണമെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ പരസ്യമേഖലയില്‍ ഉള്‍പ്പെടെ ഗൂഗ്ള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പി.വി.എച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.

ലോകത്തെ രണ്ട് പ്രബല രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരയുദ്ധം ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. മെക്‌സികോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം ഇറക്കുമതിത്തീരുവയും ചൈനയ്ക്കെതിരെ 10 ശതമാനം ഇറക്കുമതിത്തീരുവയും ചുമത്തുമെന്നാണു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോ എന്നിവരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുന്നത് താല്‍ക്കാലത്തേക്കു മരവിപ്പിച്ചു.

ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനു പിന്നാലെ ആഗോളതലത്തില്‍ കറന്‍സി, ഓഹരി വിപണികള്‍ തകര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞശേഷമാണു തിരിച്ചുകയറിയത്. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഉള്‍പ്പെടെ മിക്ക കറന്‍സികള്‍ക്കും ഇടിവുണ്ടായി. തിങ്കളാഴ്ച രൂപയുടെ മൂല്യം ഡോളറിന് 87.29 എന്ന നിലയില്‍ സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു.