മഹാ കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി

മഹാ കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി


പ്രയാഗ്രാജ്: മഹാ കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി കുംഭമേളയിലെത്തിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

12 വര്‍ഷത്തിലൊരിക്കലുള്ള പൂര്‍ണ കുംഭം അഥവാ മഹാകുംഭമേളയാണ് ഇത്തവണ പ്രയാഗ്രാജില്‍ നടക്കുന്നത്. കുംഭമേളയുടെ സമയത്ത് പുണ്യസ്നാനം ചെയ്യുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. സ്നാനം നടത്തിയ ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം യമുനാനദിയില്‍ ബോട്ട് യാത്ര നടത്തിയാണ് പ്രധാനമന്ത്രി തിരികെ മടങ്ങിയത്.

അതേസമയം ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും അതിനാലാണ് കുംഭമേള സന്ദര്‍ശനമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ അറിയിച്ചു. ഗംഗാ ആരതിയിലും പ്രത്യേക പൂജകളിലും പങ്കെടുത്ത ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ 2019-ലെ കുംഭമേളയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം പുണ്യസ്നാനം നടത്തുകയും ആദര സൂചകമായി ശുചീകരണ തൊഴിലാളികളുടെ പാദങ്ങള്‍ കഴുകയും ചെയ്തിരുന്നു.