ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. മിക്കവയിലും ബി ജെ പിയുടെ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. എ എ പിക്ക് കനത്ത തിരിച്ചടിയും കോണ്‍ഗ്രസിന് കടുത്ത പരാജയവുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്.
ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് ആവശ്യം. വിവിധ സര്‍വേകളില്‍ ബി ജെ പിക്ക് 35 മുതല്‍ 60 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എ എ പിക്കാകട്ടെ 10 മുതല്‍ 37 സീറ്റുമാണ് പ്രവചനത്തിലുള്ളത്. ആറ് ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പൂജ്യം മുതല്‍ മൂന്നു വരെ മാത്രമാണ് കോണ്‍ഗ്രസിന് സീറ്റുകള്‍ ലഭിക്കുകയെന്നാണ് പറയുന്നത്.
പീപ്പിള്‍സ് പള്‍സ്- കോഡ്മയുടെ പ്രവചന പ്രകാരം ബി ജെ പി 51 മുതല്‍ 60 സീറ്റ് വരെ നേടുമെന്ന് പറയുന്നു. ഏറ്റവും കുറവ് സീറ്റ് പ്രവചിക്കുന്ന മെട്രിസ് 35 മുതല്‍ 40 വരെ സീറ്റാണ് ബി ജെ പിക്ക് പറയുന്നത്. എ എ പിക്ക് ഏറ്റവും കുറവ് സീറ്റ് പ്രവചിക്കുന്ന പീപ്പിള്‍സ് പള്‍സ്- കോഡ്മ പത്തു മുതല്‍ 19 വരെയാണ് പ്രതീക്ഷ പറയുന്നത്. മെട്രിസ് എ എ പിക്ക് 32 മുതല്‍ 37 സീറ്റുകള്‍ വരെയാണ് പറയുന്നത്.
ചാണക്യ സ്ട്രാറ്റജീസാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് പ്രവചിക്കുന്നത്- 2 മുതല്‍ 3 വരെ. മറ്റെല്ലാ ഏജന്‍സികളും പൂജ്യം മുതല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു കണക്കാക്കുന്നത്.
വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് ശനിയാഴ്ചയാണ് നടക്കുക.