ഒന്റാരിയോ: കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന യു എസ് ഭീഷണിക്കിടെ പുതിയ രാജ്യങ്ങളുമായി വ്യാപാര ഉടമ്പടികള്‍ക്ക് തയ്യാറെടുത്ത് കാനഡ. കാനഡയുടെ വ്യാപാര മന്ത്രി മേരി എങ് ഇക്വഡോറുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ വ്യാപാര വൈവിധ്യവത്കരണ തന്ത്രം വിജയകരമാണെന്ന് തെളിഞ്ഞു.
ദക്ഷിണ അമേരിക്കയിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇക്വഡോര്‍. അവരുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ 2016 മുതല്‍ വ്യാപാര വൈവിധ്യവത്കരണം ലക്ഷ്യമിടുന്ന കാനഡയുടെ 16-ാമത്തേതാണ്.
ഇക്വഡോറുമായുള്ള നിലവിലെ വ്യാപാരം പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇക്വഡോര്‍ കാനഡയിലേക്ക് വാഴപ്പഴം, കോക്കോ വിത്തുകള്‍, കടല്‍മല്‍സ്യങ്ങള്‍ എന്നിവ അയക്കുമ്പോള്‍ കാനഡ ഗന്ധകം, ഗോതമ്പ്, ധാന്യങ്ങള്‍, പരിപ്പ് തുടങ്ങിയവയാണ് തിരികെ അയക്കുക.
കണക്കുകള്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാര ഉത്പന്നങ്ങളില്‍ പെട്രോളിയം, രാസവളങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. സേവന മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടെന്നതാണ് പ്രധാനകാര്യം.
കാനഡയുടെ പരമ്പരാഗത വ്യാപാര പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ ചിലയിടങ്ങളില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം ചീസ് വിപണിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഉപേക്ഷിച്ചിരുന്നു. ബ്രിട്ടന്റെ തിരിച്ചു വരവ് കാനഡ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ നിലവില്‍ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര വികസനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുയാണെന്ന് മേരി എങ് പറഞ്ഞു.
ഇന്തോനേഷ്യയുമായി കരാര്‍ പൂര്‍ത്തിയാക്കിയതായും അതിനൊപ്പം ഫിലിപ്പൈന്‍സുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണെന്നും മേരി എങ് അറിയിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇക്വഡോറുമായുള്ള കരാര്‍ ഒപ്പുവെച്ചു, കൂടാതെ മറ്റു വിപണികളിലേക്കും മുന്നോട്ട് പോകുമെന്നും അവര്‍ വിശദമാക്കി.
കാനഡ ഇപ്പോള്‍ ആസിയാനിലെ പത്തു രാജ്യങ്ങളുമായും വ്യാപാര ചര്‍ച്ചകളിലേര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയുമായുള്ള സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറും കാനഡ പൂര്‍ത്തിയാക്കി.
കാനഡയുടെ ഇന്‍ഡോ- പസഫിക് നയത്തിന്റെ ഭാഗമായാണ് ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ശ്രമങ്ങള്‍. എന്നാല്‍, ഇന്ത്യയുമായി നീണ്ടുനിന്ന വാണിജ്യ ചര്‍ച്ചകള്‍ 2023ല്‍ താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.
കാനഡയിലെ പൗര്ന്മാരുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞതോടെയാണ് ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്രതലത്തില്‍ പ്രതിസന്ധിയുണ്ടായത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കാനഡയോടുള്ള നയങ്ങള്‍ കൂടുതല്‍ കടുപ്പമായേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നതെങ്കിലും അതിനിടയില്‍ ഒരു മാസത്തെ സാവകാശം കൂടി യു എസ് അനുവദിച്ചിട്ടുണ്ട്. ട്രംപ് കാനഡയുടെ അതിര്‍ത്തി സുരക്ഷാ പോളിസികളും മയക്കുമരുന്ന് കടത്ത് പ്രതിരോധ നടപടികളും അപര്യാപ്തമാണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയായി നിയമിതനായ ഹൗര്‍ഡ് ലുട്ട്‌നിക് കാനഡയുടെ ക്ഷീര ഉത്പാദകരോടുള്ള സമീപനം അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവിച്ചു.
കാനഡയിലെ ക്ഷീരവ്യവസായ സംരക്ഷണ നയം ട്രംപ് ഭരണകൂടത്തോട് ചര്‍ച്ചയ്ക്കായി തുറന്നിടില്ലെന്ന് മേരി എങ് വ്യക്തമാക്കി.
കാനഡ- അമേരിക്ക- മെക്‌സിക്കോ ഉടമ്പടി 2026ല്‍ പുനഃപരിശോധനയ്ക്കു വിധേയമാകും. ട്രംപ് ഭരണകൂടം വ്യാപാര നയങ്ങള്‍ കൂടുതല്‍ കടുപ്പമാക്കാനാണ് സാധ്യത. എന്നാല്‍, കാനഡ ഇതിനോടു ശക്തമായി പ്രതികരിക്കുമെന്ന് മേരി എങ് വ്യക്തമാക്കുന്നു.
'കാനഡ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ ഉത്്പന്നങ്ങള്‍ വാങ്ങുന്ന വലിയ ഉപഭോക്താവാണ്. ജപ്പാന്‍, ചൈന, ബ്രിട്ടന്‍ എന്നിവയെക്കാളും കൂടുതല്‍ കാനഡ അമേരിക്കയില്‍ നിന്ന് വാങ്ങുന്നു. അതിനാല്‍, കാനഡയ്ക്കു മേലുള്ള നികുതി അമിതമായി അമേരിക്കന്‍ ഉപഭോക്താക്കളെ ബാധിക്കും,' മേരി എങ് പറഞ്ഞു.