അമൃത് സര്‍: ട്രംപ് ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 13 പേര്‍ കുട്ടികള്‍. അമൃത് സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സംഘത്തിലാണ് കുട്ടികളുമുള്ളത്.
തന്റെ പ്രചരണ സമയത്തു തന്നെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നു പ്രഖ്യാപിച്ച ട്രംപ് ജനുവരി 20ന് വൈറ്റ് ഹൗസില്‍ ഇതിനായുള്ള നടപടികളും തുടങ്ങി.
യുഎസ് സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്. ടെക്‌സസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് ഈ സൈനിക വിമാനം പുറപ്പെട്ടത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 1.59നാണ് ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യു എസ് വിമാനം ലാന്‍ഡ് ചെയ്തത്. യു എസ് എംബസിയുടെ പ്രതിനിധിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും 30 പേര്‍ പഞ്ചാബില്‍ നിന്നുമാണ്. മഹാരാഷ്ട്ര,ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്നു പേര്‍ വീതമുണ്ട്.
ചണ്ഡിഗഡില്‍ നിന്നു രണ്ടു പേരും ഈ സംഘത്തിലുണ്ട്. ആദ്യ സംഘത്തില്‍ 200ഓളം പേരുണ്ടെന്നും 204 പേരെന്നുമൊക്കെ റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പിന്നീട് തിരിച്ചയച്ചവരുടെ എണ്ണം 104 ആയി സ്ഥിരീകരിക്കുകയായിരുന്നു.
യു എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നു പിടികൂടിയവരെയാണ് ആദ്യം തിരിച്ചയച്ചതെന്നാണ് ലഭ്യമായ വിവരം.