ബ്യൂണസ് ഐറിസ്: യു എസിന് പിന്നാലെ ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറാന്‍ തയ്യാറെടുത്ത് അര്‍ജന്റീനയും. ജാവിയര്‍ മിലേയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനിയന്‍ സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.
കോവിഡ്-19 സമയത്തെ ആരോഗ്യ മാനേജ്‌മെന്റിനെക്കുറിച്ചുള്ള വ്യത്യാസങ്ങളാണ് ലോകാരോഗ്യ സംഘടന വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രസിഡന്റ് മിലേയുടെ വക്താവ് പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറുന്ന പ്രക്രിയ ആരംബിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അര്‍ജന്റീനയും തീരുമാനം പ്രഖ്യാപിക്കുന്നത്.
ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച ഇരു ഭരണാധികാരികളും പരസ്പരം പ്രശംസിച്ചു. ട്രംപിന്റെ രണ്ടാം വരവിനെ 'ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവ്' എന്നാണ് മിലേ വിശേഷിപ്പിച്ചതെങ്കില്‍ 'എന്റെ പ്രിയപ്പെട്ട പ്രസിഡന്റ്' എന്നാണ് ട്രംപ് മിലേയെ വിളിച്ചത്.
യു എസ് പറഞ്ഞ അതേ കാരണങ്ങളാണ് അര്‍ജന്റീനയും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റത്തിന് പറയുന്നത്.
ദീര്‍ഘകാലം കോവിഡ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും ആഗോള ആരോഗ്യ സംഘടനയില്‍ ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ഇരുവരും ഉദ്ധരിക്കുന്നത്. പിന്മാറ്റം പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും ഏല്‍പ്പിക്കുന്ന ആഘാതത്തില്‍ മാത്രമാണ് കാര്യമായ വ്യത്യാസമുണ്ടാവുക.
2024-ല്‍ ഏകദേശം 950 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയ യു എസ് എയാണ് യു എന്‍ ബോഡിയിലേക്ക് ഏറ്റവും കൂടുതല്‍ വ്യക്തിഗത സംഭാവന നല്‍കുന്നത്. മൊത്തം ബജറ്റിന്റെ ഏകദേശം 15 ശതമാനമാണിത്. യു എസിന്റെ പിന്മാറ്റം ലോകാരോഗ്യ സംഘടനയില്‍ സാമ്പത്തികമായ ചില പ്രതിസന്ധികളുണ്ടാക്കും.
അര്‍ജന്റീന പ്രതിവര്‍ഷം ഏകദേശം എട്ട് മില്യണ്‍ ഡോളറആണ് ലോകാരോഗ്യ സംഘടനയ്ക്ക് സംഭാവന ചെയ്യുന്നത്. വലിയ തുക അല്ലാത്തതിനാല്‍ കാര്യമായ സാമ്പത്തിക പ്രതിസന്ധികള്‍ അര്‍ജന്റീനയുടെ പിന്മാറ്റം ലോകാരോഗ്യ സംഘടനയില്‍ ഉണ്ടാക്കാന്‍ സാധ്യതയില്ല.
ട്രംപിന്റെ അതേ നിലപാടുകളുള്ള വ്യത്യസ്ത ഭരണാധികാരികള്‍ മിലിയെ പോലെ നിലപാട് സ്വീകരിക്കുമോ എന്നതാണ് വലിയ ചോദ്യം. അങ്ങനെ തീരുമാനിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ പതനത്തിനാണ് വഴിയൊരുക്കുക.
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അര്‍ജന്റീന പിന്‍മാറുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വരും ദിവസങ്ങളില്‍ പ്രസിഡന്റ് മിലി ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു അന്താരാഷ്ട്ര ബോഡിയെ അനുവദിക്കില്ലെന്നും നമ്മുടെ ആരോഗ്യത്തിലും ഇടപെടാന്‍ സമ്മതിക്കില്ലെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റിന്റെ വക്താവ് മാനുവല്‍ അഡോര്‍ണി പറഞ്ഞത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തുകടക്കുന്നത് അര്‍ജന്റീനയ്ക്ക് സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസൃതമായി നയങ്ങള്‍ നടപ്പിലാക്കുന്നതിനും ഉചിതമെന്ന് തോന്നുന്ന രീതിയില്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ വഴക്കം നല്‍കുമെന്ന് വക്താവ് വാദിച്ചു.
'അരാജക-മുതലാളി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസിഡന്റ് മിലി കുറച്ചുകാലമായി ലോകാരോഗ്യ സംഘടനയെ വിമര്‍ശിക്കുന്നയാളാണ്.
ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നടന്ന ഒരു ആഘോഷത്തില്‍ സംസാരിച്ച മിലി 'ട്രംപിന്റെ വിജയത്തിനുശേഷം സ്വാതന്ത്ര്യത്തിന്റെ കാറ്റ് കൂടുതല്‍ ശക്തമായി വീശുന്നു' എന്ന് പറഞ്ഞു.
പ്രസിഡന്റ് മിലി മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നോ ഉടമ്പടികളില്‍ നിന്നോ പിന്മാറാന്‍ പദ്ധതിയിടുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റിന്റെ വക്താവ് വ്യക്തമായ മറുപടി നല്‍കിയില്ല.
അര്‍ജന്റീനയെ കൂടുതല്‍ സ്വതന്ത്രമാക്കുന്ന കാര്യത്തില്‍ പ്രസിഡന്റ് വളരെ ദൃഢനിശ്ചയമുള്ളയാളാണെന്നും അതിനാല്‍ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ സംഘടനകളുമായി അര്‍ജന്റീനയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ അര്‍ജന്റീനക്കാരുടെ ജീവിതത്തില്‍ ഇടപെടുന്നത് തടയാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മറുപടി നല്‍കി.
മിലി ട്രംപിന്റെ പാത പിന്തുടരുമെന്നും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഉടമ്പടിയായ പാരീസ് കാലാവസ്ഥാ കരാറില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുമെന്നും അര്‍ജന്റീനയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.