കാബൂള്‍: അഫ്ഗാനി പെണ്‍കുട്ടികളുടെ നിലവിലെ വിദ്യാഭ്യാസ നിരോധനം നീക്കണമെന്നു തുടര്‍ച്ചയായി വാദിച്ച മുതിര്‍ന്ന താലിബാന്‍ മന്ത്രി പലായനം ചെയ്തു. അഫ്ഗാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായികയാണ് അറസ്റ്റ് ഭീതിയെ തുടര്‍ന്ന് ദുബൈയിലേക്ക് പലായനം ചെയ്തത്.
അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തെ ഖോസ്റ്റ് പ്രവിശ്യയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറക്കുന്നതി നെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. പെണ്‍കുട്ടി കളുടെ വിദ്യാഭ്യാസം നിരോധിക്കുന്നത് ശരിഅത്ത് നിയമത്തിന് അനുസൃതമല്ലെന്നും അദ്ദേഹം വാദിച്ചു. താനുള്‍പ്പെടുന്ന താലിബാന്‍ ഭരണം 20 ദശലക്ഷം ആളുകളോടാണ് അനീതി കാണിക്കുന്നതെന്നും വേദിയില്‍ അദ്ദേഹം ഏറ്റുപറഞ്ഞു.
'പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു. അത്തരം ശ്രദ്ധേയരായ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവരുടെ സംഭാവനകളെക്കുറിച്ച് ഞാന്‍ വിശദീകരിക്കുകയാണെങ്കില്‍, അതിന് ഗണ്യമായ സമയമെടുക്കും' എന്ന മന്ത്രിയുടെ അഭിപ്രായങ്ങള്‍ താലിബാനികളില്‍ ആഭ്യന്തര വിഭജനത്തിന് ആക്കം കൂട്ടിയിരുന്നു.
താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ സ്റ്റാനിക്‌സായിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. കൂടാതെ യാത്രാ നിരോധനവും പുറപ്പെടുവിച്ചു. അഫ്ഗാനില്‍ വീണ്ടും പ്രവേശിക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തി. അതോടെയാണ് സ്റ്റാനിക്‌സായി ദുബൈയിലേക്ക് രക്ഷപ്പെടാന്‍ ഇടയാക്കിയത്.
സ്റ്റാനിക്‌സായി ദുബൈയിലേക്ക് പോയതായി അഫ്ഗാനിസ്ഥാന്‍ ഇന്റര്‍നാഷണല്‍ വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ചികിത്സയ്ക്കായാണ് അദ്ദേഹം ദുബായിലേക്ക് പോയതെന്നാണ് താലിബാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.