അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഏലിയന്‍സ് എനിമി ആക്ടിന് ട്രംപ്; എന്താണീ നിയമം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഏലിയന്‍സ് എനിമി ആക്ടിന് ട്രംപ്; എന്താണീ നിയമം


വാഷിങ്ടണ്‍ ഡിസി: പതിനെട്ടാം നൂറ്റാണ്ടിലെ നിയമമായ 'ഏലിയന്‍സ് എനിമി ആക്ട്' തിരിച്ചുകൊണ്ടുവരാന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റക്കാരില്‍ ക്രിമിനല്‍ പശ്ചാതലമുള്ളവരെന്ന് സംശയിക്കുന്നവരെ കോടതി നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണിത്. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇത് അവസാനമായി യു എസില്‍ ഉപയോഗിച്ചത്.

അനധികൃത കുടിയേറ്റത്തിനെതിരായി ട്രംപ് ശക്തമായ നടപടികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. കൂട്ടമായുള്ള നാടുകടത്തലിനു സഹായം നല്‍കാന്‍ സൈന്യത്തിനു നിര്‍ദേശമുണ്ട്. സ്‌കൂളുകളില്‍ നിന്നും പള്ളികളില്‍നിന്നും ആശുപത്രികളില്‍നിന്നു പോലും അറസ്റ്റ് നടത്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കിയിട്ടുണ്ട്.

എന്നാല്‍, ട്രംപിന്റെ നീക്കത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കുകയാണ്. യുദ്ധസമയത്തുണ്ടാക്കിയ നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നതിലെ വൈരുധ്യമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫ്രാന്‍സുമായുള്ള ചാരവൃത്തിയും അട്ടിമറിയും ചെറുക്കുന്നതിനാണ് 1798ല്‍ ഏലിയന്‍സ് എനിമി ആക്ട് അഥവാ അന്യഗ്രഹ ശത്രു നിയമം നടപ്പാക്കിയത്. ഒരു വിദേശ ശക്തിയോട് പ്രാഥമികമായി കൂറു പുലര്‍ത്തുന്നതും യുദ്ധസമയത്ത് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതുമായ വ്യക്തികളെ നാടുകടത്താനോ തടങ്കലില്‍ വെക്കാനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണ് ഏലിയന്‍സ് എനിമി ആക്ട്. 

ഒരു വിദേശ സര്‍ക്കാര്‍ അമേരിക്കയ്‌ക്കെതിരെ നടത്തിയതോ ശ്രമിച്ചതോ ഭീഷണിപ്പെടുത്തിയതോ ആയ പ്രഖ്യാപിത യുദ്ധം അല്ലെങ്കില്‍ ഏതെങ്കിലും അധിനിവേശമോ കൊള്ളയടിക്കുന്ന കടന്നുകയറ്റമോ ഉണ്ടാകുമ്പോഴെല്ലാം ഈ നിയമം പ്രയോഗിക്കാമെന്നാണ് ആക്ടില്‍ പറയുന്നത്. 

എന്നാല്‍ നിയമം നടപ്പിലാക്കാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ച സംഭവം പരസ്യമായി പ്രഖ്യാപിക്കണമെന്നും ആക്ടില്‍ പറയുന്നുണ്ട്. അതോടൊപ്പം പ്രസിഡന്റ് അവസാനിപ്പിക്കുന്നതുവരെ നിയമം പ്രാബല്യത്തില്‍ തുടരുകയും ചെയ്യും. 

1812ല്‍ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള യുദ്ധത്തിലും രണ്ട് ലോകമഹായുദ്ധങ്ങളിലും ഈ നിയമം ഉപയോഗിച്ചിരുന്നു. വ്യക്തികളെ തടഞ്ഞുവെക്കാനും നാടുകടത്താനും അവരുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനും നിയമം ഉപയോഗപ്പെടുത്തി. 

യു എസിന്റെ ശത്രുപൗരന്മാര്‍ തോക്കുകളും സ്‌ഫോടക വസ്തുക്കളും കൈവശം വെക്കുന്നതും ചില പ്രദേശങ്ങളില്‍ താമസിക്കുന്നതും ചില വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നതും തടയുന്നതിനാണ് പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മറ്റു നിയന്ത്രണങ്ങള്‍ക്കൊപ്പം ഈ നിയമം ഉപയോഗിച്ചത്. 

രണ്ടാം ലോക മഹായുദ്ധ സമയത്ത് ജാപ്പനീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍ വംശജരായ ആളുകള്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളെ ന്യായീകരിക്കാന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് ഈ നിയമം ഉപയോഗിച്ചു. രണ്ടാം ലോക മഹായുദ്ധ്ത്തില്‍ ശത്രുത അവസാനിച്ചതിനു ശേഷം 1951 വരെ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഈ നിയമം തുര്‍ന്നുവെന്ന് ബ്രെനന്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ് പറയുന്നു. 

തടങ്കലില്‍ ഉള്‍പ്പെടെ വ്യക്തികള്‍ നിയമത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും മിക്ക കേസുകളിലും വ്യക്തികളുടെ പൗരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളിലേക്കാണ് കേസ് എത്തിയത്. 

സുപ്രിം കോടതി നിയമം ഭരണഘടനാപരമായി ശരിവെക്കുകയും യുദ്ധകാലത്തിന് ശേഷവും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.