വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും പാഴ്‌സലുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതായി യുഎസ് പോസ്റ്റല്‍ സര്‍വീസ് (യുഎസ്പിഎസ്) അറിയിച്ചു.
എന്നാല്‍ കത്തുകളെ ഈ നീക്കം ബാധിക്കില്ലെന്ന് യുഎസ്പിഎസിന്റെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ പറയുന്നു.
'കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ' സസ്പെന്‍ഷന്‍ നിലവിലുണ്ടാകുമെന്ന് യുഎസ്പിഎസ് അറിയപ്പില്‍ പറഞ്ഞു. തീരുമാനത്തിനുള്ള കാരണം നല്‍കിയിട്ടില്ല.
ചൈനയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 10% അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണിത്.
800 ഡോളറോ അതില്‍ താഴെയോ മൂല്യമുള്ള സാധനങ്ങള്‍ക്ക് തീരുവയോ ചില നികുതികളോ നല്‍കാതെ യുഎസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്ന ഒരു ഇളവ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കിയിരുന്നു.
'ഡി മിനിമിസ്' എന്ന് വിളിക്കപ്പെടുന്ന നികുതി പഴുതുകള്‍ ഉപയോഗിച്ചാണ് ചൈനീസ് ഇ-കൊമേഴ്സ് ഭീമന്‍മാരായ ഷെയ്നും ടെമുവും യുഎസിലെ തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നത്. ഇത്തരം നികുതി ഇളവുകള്‍ സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിവരികയായിരുന്നു. ഇതെതുടര്‍ന്നാണ് എല്ലാ ഇറക്കുമതിക്കും ഒരേപോലെ നികുതി വര്‍ധിപ്പിച്ചത്.
ഇതിന് മറുപടിയായി അമേരിക്കയുടെ ചില ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തുമെന്ന് ചൈന അറിയിച്ചു.
ഫെബ്രുവരി 10 മുതല്‍ കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതക ഉല്‍പന്നങ്ങള്‍ (എല്‍എന്‍ജി) 15% ലെവി നേരിടേണ്ടിവരും. ക്രൂഡ് ഓയില്‍, കാര്‍ഷിക യന്ത്രങ്ങള്‍, വലിയ എഞ്ചിന്‍ കാറുകള്‍ എന്നിവയ്ക്ക് 10% തീരുവ ബാധകമായിരിക്കും.
നികുതി വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രസിഡന്റ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
'മുമ്പ് ചൈനയില്‍ നിന്ന് ചരക്കുകള്‍ നേരിട്ട് യുഎസിലേക്ക് ഇ-കൊമേഴ്സ് വഴിയാണ് കയറ്റുമതി ചെയ്തിരുന്നതെങ്കില്‍ ട്രംപിന്റെ താരിഫ് മാറ്റങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് വ്യാപാര വിദഗ്ധന്‍ ഡെബോറ എല്‍ംസ് പറഞ്ഞു.
ഡി മിനിമിസിന് കീഴില്‍ യുഎസിലേക്ക് പ്രവേശിക്കുന്ന പാഴ്‌സലുകളില്‍ പകുതിയോളം ചൈനയില്‍ നിന്നാണ് അയച്ചതെന്ന് ചൈനയെക്കുറിച്ചുള്ള യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 2023 റിപ്പോര്‍ട്ട് പറയുന്നു.
ഈ ഇളവിലൂടെ രാജ്യത്തേക്ക് വരുന്ന പാഴ്‌സലുകളുടെ വലിയ ഒഴുക്ക് കാരണം നിയമ വിരുദ്ധ വസ്തുക്കള്‍ കടന്നുവരുന്നുണ്ടോ എന്ന പരിശോധന പ്രയാസമുള്ളതാക്കിയെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള പാഴ്‌സലുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി യുഎസ് പോസ്റ്റല്‍ സര്‍വീസ്