വാഷിംഗ്ടണ്‍: യു എസില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കം മേരിലാന്റിലെ ഫെഡറല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി തടഞ്ഞ് പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചു. മാതാപിതാക്കള്‍ രേഖകളില്ലാത്തതോ താത്ക്കാലിക കുടിയേറ്റക്കാരോ ആണെങ്കിലും അവര്‍ക്ക് യു എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യു എസ് പൗരത്വം ലഭിക്കുമായിരുന്നതാണ് രണ്ടാം വരവില്‍ ട്രംപ് ഏകപക്ഷീയമായി ഇല്ലാതാക്കാന്‍ ഉത്തരവിറക്കിയത്.
പ്രസിഡന്റ് ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജി ഡെബോറ എല്‍ ബോര്‍ഡ്മാന്‍ പുറപ്പെടുവിച്ച രഉത്തരവ് ദേശീയതലത്തില്‍ ബാധകമാകും. കൂടാതെ ജനുവരി 23ന് സിയാറ്റിലിലെ ഒരു ഫെഡറല്‍ ജഡ്ജി പുറപ്പെടുവിച്ച 14 ദിവസത്തെ താത്ക്കാലിക നിരോധന ഉത്തരവിനേക്കാള്‍ ശാശ്വതവുമാണ്. കേസ് പരിഹരിക്കപ്പെടുന്നതുവരെയോ ഉയര്‍ന്ന കോടതി റദ്ദാക്കുന്നതുവരെയോ നിരോധനം പ്രാബല്യത്തില്‍ തുടരും.
''എക്‌സിക്യൂട്ടീവ് ഉത്തരവ് 14-ാം ഭേദഗതിയുടെ ലളിതമായ ഭാഷയുമായി വൈരുധ്യമുള്ളതാണെന്നും 125 വര്‍ഷം പഴക്കമുള്ള സുപ്രിം കോടതിയുടെ കീഴ് വഴക്കത്തിന് വിരുദ്ധമാണെന്നും രാജ്യത്തിന്റെ ജനനം മൂലമുള്ള പൗരത്വത്തിന്റെ 250 വര്‍ഷത്തെ ചരിത്രത്തിന് വിരുദ്ധവുമാണെന്നും ജഡ്ജി ബോര്‍ഡ്മാന്‍ വിധിച്ചു. '14-ാം ഭേദഗതിയുടെ പൗരത്വ വ്യവസ്ഥയെക്കുറിച്ചുള്ള പ്രസിഡന്റിന്റെ വ്യാഖ്യാനം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രിം കോടതി ശക്തമായി നിരസിച്ചു. വാസ്തവത്തില്‍, രാജ്യത്തെ ഒരു കോടതിയും പ്രസിഡന്റിന്റെ വ്യാഖ്യാനത്തെ അംഗീകരിച്ചിട്ടില്ല. ഈ കോടതി ആദ്യത്തേതായിരിക്കില്ല' എന്നും വിധിയില്‍ പറയുന്നു.
നിയമപരമായ കുടിയേറ്റ പദവിയില്ലാത്ത അഞ്ച് ഗര്‍ഭിണികളും കുടിയേറ്റക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത രണ്ട് സംഘടനകളുമാണ് കോടതിയെ സമീപിച്ചത്.