പക്ഷിപ്പനി പടരുമ്പോള്‍ മുട്ട വാങ്ങണോ? ചില കാര്യങ്ങള്‍ അറിയാം

പക്ഷിപ്പനി പടരുമ്പോള്‍ മുട്ട വാങ്ങണോ? ചില കാര്യങ്ങള്‍ അറിയാം


ന്യൂയോര്‍ക്ക്: യു എസില്‍ ഉടനീളം പക്ഷിപ്പനി പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 18 സംസ്ഥാനങ്ങളിലെ 107 കൂട്ടങ്ങളില്‍ എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 18 ദശലക്ഷം പക്ഷികളെയാണ് ബാധിച്ചിരിക്കുന്നത്. 

2022ല്‍ ആരംഭിച്ചതിനുശേഷം വൈറസ് പടരാതിരിക്കാന്‍ 145 ദശലക്ഷം കോഴികളെയും ടര്‍ക്കികളെയും മറ്റ് പക്ഷികളെയും കൊന്നൊടുക്കിയിട്ടുണ്ട്. യു എസില്‍ ഏകദേശം 380 ദശലക്ഷം മുട്ടയിടുന്ന കോഴികളും ഒന്‍പത് ബില്യണിലധികം ബ്രോയിലര്‍ കോഴികളുമാണുള്ളത്. 

പക്ഷിപ്പനി പടര്‍ന്നുപിടിച്ചിട്ടും മനുഷ്യര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 2024 മാര്‍ച്ച് മുതല്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച 67 കേസുകള്‍ ഉണ്ടായിട്ടുണ്ട്. യു എസില്‍ ഇതുമായി ബന്ധപ്പെട്ട ഒരു മരണം മാത്രമാണ് ഉണ്ടായത്.

ശരിയായി കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും പാകം ചെയ്യുകയും ചെയ്യുന്ന മുട്ടകള്‍ ആളുകളില്‍ പക്ഷിപ്പനി അണുബാധയ്ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെഡിസിന്‍ ആന്‍ഡ് എപ്പിഡെമിയോളജി പ്രൊഫസറായ എം ഡി തിമോത്തി ബ്രൂവര്‍ പറഞ്ഞു.

എങ്കിലും പക്ഷിപ്പനി പൊട്ടിപ്പുറപ്പെടുന്നത് ആളുകളിലേക്ക് രോഗം പടരുന്നതിനെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇത് മുട്ടയുടെ വില കുതിച്ചുയരാന്‍ കാരണമായി. അതോടെ രാജ്യവ്യാപകമായി മുട്ട ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. 

ഡിസംബറിലെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഒരു ഡസന്‍ മുട്ടയുടെ ശരാശരി വില 4.15 ഡോളറില്‍ എത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നിശ്ചയിച്ച റെക്കോര്‍ഡ് വിലയായ ഡസന് 4.82 ഡോളറിന്റെ അത്ര ഉയര്‍ന്നതല്ലെങ്കിലും 2023 വേനല്‍ക്കാലത്തേക്കാള്‍ ഇപ്പോഴും ഇരട്ടിയാണ് വില ഈടാക്കുന്നത്. കൂടാതെ 2025ല്‍ മുട്ടയുടെ വില 20 ശതമാനം കൂടി ഉയരുമെന്ന് ഫെഡറല്‍ കാര്‍ഷിക ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.

ഏതാനും പക്ഷികളുടെ അണുബാധ മൂലം കോഴി കര്‍ഷകര്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ മുഴുവന്‍ കൂട്ടത്തെയും കൊല്ലാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് വില വര്‍ധനവിന്റെ ഒരു കാരണം. പിന്നീട് ഇവ നീക്കം ചെയ്ത് പുതിയ കൂട്ടത്തെ കൊണ്ടുവരാന്‍ ആഴ്ചകള്‍ എടുത്തേക്കാം. ഇത് മുട്ട വിതരണം കുറയ്ക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യും.

പാലിന്റെ കാര്യത്തിലാണെങ്കില്‍ ചൂടാക്കിയ പാസ്ചറൈസേഷന്‍ പ്രക്രിയ പക്ഷിപ്പനി വൈറസിനെ ഇല്ലാതാക്കുന്നതിനാല്‍ പാസ്ചറൈസ് ചെയ്ത പാല്‍ കുടിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചില അസംസ്‌കൃത പാല്‍ ഉത്പന്നങ്ങള്‍ പക്ഷിപ്പനി സാധ്യത സൃഷ്ടിച്ചേക്കാം.

മനുഷ്യ ഉപഭോഗത്തിനായുള്ള കോഴി, ബീഫ് ഉത്പന്നങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല. പക്ഷിപ്പനി വൈറസിന്റെ സാധ്യതയുള്ള അംശങ്ങള്‍ ഇല്ലാതാക്കാന്‍ മാംസം നന്നായി പാകം ചെയ്യാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

മുട്ടയുടെ കാര്യത്തില്‍ പാസ്ചറൈസ് ചെയ്ത മുട്ടകള്‍ തെരഞ്ഞെടുക്കുന്നത് രോഗ സാധ്യത കുറയ്ക്കുന്നതിന് സ്വീകരിക്കാവുന്ന ലളിതമായ സുരക്ഷാ മുന്‍കരുതലാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

മുട്ട വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസിട്രേഷന്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. 


ശീതീകരിച്ച മുട്ടകള്‍ മാത്രം വാങ്ങുക, വൃത്തിയുള്ള റഫ്രിജറേറ്ററില്‍ മുട്ടകള്‍ വീട്ടില്‍ സൂക്ഷിക്കുക, വാങ്ങിയതിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മുട്ട ഉപയോഗിക്കുക, കാസറോളുകള്‍ പോലുള്ള മുട്ട വിഭവങ്ങള്‍ റഫ്രിജറേറ്ററില്‍ വയ്ക്കുക, 3 അല്ലെങ്കില്‍ 4 ദിവസത്തിനുള്ളില്‍ കഴിക്കുക.

പൊതുവേ പൊട്ടിയ മുട്ടകളോ തിയ്യതി കഴിഞ്ഞ മുട്ടകളോ വാങ്ങുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ജൈവ മുട്ട നോണ്‍- ഓര്‍ഗാനിക് മുട്ടയേക്കാള്‍ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്നും രണ്ടിനും ഒരേ ജൈവ സുരക്ഷാ ചട്ടങ്ങള്‍ ബാധകമാണെന്നും പറഞ്ഞു. 

പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മുട്ട വാങ്ങാമെന്നും മുട്ടകള്‍ക്ക് ശക്തമായ സുരക്ഷാ രേഖയുണ്ടെന്നും മുട്ടകള്‍, വെള്ള, തവിട്ട്, ജൈവ, പാസ്ചറൈസ്ഡ് എന്നിവയായാല്‍  സുരക്ഷിതമാണെന്നും ടെന്നസിയിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാലയിലെ പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യ നയത്തിന്റെയും പ്രൊഫസറായ വില്യം ഷാഫ്നര്‍ പറഞ്ഞു. 

മുട്ട പാകം ചെയ്യുമ്പോള്‍ അസംസ്‌കൃത മുട്ട ഉത്പന്നങ്ങളുമായി സമ്പര്‍ക്കം വരുന്നതിന് മുമ്പും ശേഷവും ചൂടുള്ള, സോപ്പ് വെള്ളത്തില്‍ കൈകള്‍, പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ കഴുകുകയും മഞ്ഞക്കരുവും വെള്ളയും ഉറച്ചുനില്‍ക്കുന്നതുവരെ മുട്ടകള്‍ വേവിക്കുകയും ചെയ്യുക എന്നത് സുരക്ഷിതമായ മാര്‍ഗ്ഗമാണ്. സ്‌ക്രാംബിള്‍ഡ് മുട്ടകള്‍ മൃദുവാകുകയും ഒഴുകിപ്പോകാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ പാചകം ചെയ്യുക.

മുട്ടകള്‍ അടങ്ങിയ കാസറോളുകളും മറ്റ് വിഭവങ്ങളും 160 ഡിഗ്രി ഫാരന്‍ഹീറ്റില്‍ പാചകം ചെയ്യുക.

വേവിച്ച മുട്ടകള്‍ ഉടനടി വിളമ്പുക. മുട്ട വിഭവങ്ങള്‍ 2 മണിക്കൂറില്‍ കൂടുതല്‍ പുറത്ത് വയ്ക്കരുത്.

പിക്‌നിക് അല്ലെങ്കില്‍ മറ്റൊരാളുടെ വീട് പോലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ മുട്ടകളും മുട്ട ഉത്പന്നങ്ങളും ഇന്‍സുലേറ്റഡ് കൂളറില്‍ പായ്ക്ക് ചെയ്യുക.

റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന മുട്ട ഉത്പന്നങ്ങള്‍ 165 ഡിഗ്രി ഫാരന്‍ഹീറ്റില്‍ വീണ്ടും ചൂടാക്കുക. പാസ്ചറൈസ് ചെയ്ത മുട്ടകള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കുറവാണ്. പക്ഷിപ്പനി, ബാക്ടീരിയ എന്നിവയുള്‍പ്പെടെയുള്ള വൈറസുകളെ കൊല്ലുന്നതില്‍ പാസ്ചറൈസ് ഫലപ്രദമാണ്.

ഭക്ഷ്യജന്യ രോഗം പിടിപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ സംരക്ഷണ വിദഗ്ദ്ധനെ ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു.