ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മലയാളം ക്ലാസുകള്‍ക്ക് തുടക്കമായി

ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മലയാളം ക്ലാസുകള്‍ക്ക് തുടക്കമായി


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയില്‍ ഈ വര്‍ഷത്തെ മലയാളം ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിര്‍വ്വഹിക്കപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡം  ക്‌നാനായ കത്തോലിക്കാ എപ്പാര്‍ക്കിയല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. സുനി പടിഞ്ഞാറേക്കര ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ക്ക് മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. മുതിര്‍ന്നവരുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്‌കാരം, ആരാധനാക്രമം, പൈതൃകം എന്നിവ ആഴത്തില്‍ മനസ്സിലാക്കുന്നതിനും മാതൃഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ ഇടവക വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളെ ഈ കോഴ്‌സിലേക്ക് അയക്കാന്‍ താല്പര്യം കാണിച്ച മാതാപിതാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ മലയാളം പഠനക്ലാസ്സ് നമ്മുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഒന്നുപോലെ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പസംഗത്തില്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, സിസ്റ്റര്‍ റെജി എസ് ജെ സി ന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സജീവമായ പങ്കാളിത്തത്തെ അവര്‍ അഭിനന്ദിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മാത്യു പനംതാനമ്പറമ്പില്‍ നന്ദി രേഖപ്പെടുത്തി.

ഇടവകയിലെ സീനിയര്‍ മിനിസ്ട്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഈ മലയാളം ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ 45 വിദ്യാര്‍ഥികളും 8 സന്നദ്ധ അധ്യാപകരുമാണ് ഈ പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകളില്‍ പങ്കാളികളാകുന്നത്.