മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം


ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഓഗസ്റ്റ് 2 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത സമാപന സമ്മേളനങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

'ക്രിസ്തു സഹയാത്രികര്‍' എന്ന ജൂബിലി പ്രമേയത്തെ മുന്‍നിര്‍ത്തി ഈശ്വരകൃപയുടെയും ക്രിസ്തീയ സ്‌നേഹത്തിന്റെയും അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, സഹജീവികളോട് കരുണയും ആര്‍ദ്രതയും കാണിക്കുക എന്ന വലിയ ദൗത്യമാണ് ഈ ജൂബിലി വര്‍ഷത്തില്‍ ഇടവക ഏറ്റെടുത്തത്. ക്രിസ്തുവിന്റെ സ്‌നേഹം പ്രവൃത്തി പഥത്തില്‍ എത്തിച്ചുകൊണ്ട് നിരവധി സാമൂഹിക, ജീവകാരുണ്യ, ആത്മീയ പദ്ധതികള്‍ ഇടവക പൂര്‍ത്തീകരിച്ചു.

ഛത്തീസ്ഗഡ് ബസ്തര്‍ മിഷന്‍ ഫീല്‍ഡിലെ ചാപ്പല്‍ നിര്‍മ്മാണം, സുവിശേഷകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, സ്‌നേഹതീരം ചാരിറ്റി സഹായം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള പിന്തുണ പദ്ധതികള്‍, വൈദികവിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, 'കനവ്' പദ്ധതിയിലൂടെ 3 ഭവനങ്ങളുടെ നിര്‍മാണം, ലോക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, റിവൈവല്‍ യോഗങ്ങള്‍, സ്റ്റഡി ഫോറം, ബൈബിള്‍ എഴുത്ത്, ഭവന സന്ദര്‍ശനവും ജൂബിലി സമ്മാന വിതരണവും, ജൂബിലി ഡിവൈന്‍ മെലഡീസ് ഗാനപുസ്തകം, ജൂബിലി സൂവനീര്‍, സഭാ ചരിത്ര ഡോക്യുമെന്ററി, മ്യൂസിക് ആല്‍ബം, ജൂബിലി ചായ് റണ്‍, സ്റ്റേജ് പ്രോഗ്രാം, പിക്ക്ള്‍ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയവയാണ് പദ്ധതികള്‍.

ഇടവകജനങ്ങളുടെ നിര്‍ലോഭമായ പിന്തുണയോടെയും സ്‌നേഹമസൃണമായ പങ്കാളിത്തത്തോടെയും പ്രയാസങ്ങളനുഭവിക്കുന്ന അനേകം ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും എത്തിക്കാന്‍ ഈ ജൂബിലി വര്‍ഷത്തില്‍ സാധിച്ചത് ദൈവത്തിന്റെ വലിയ നിയോഗവും കാരുണ്യവുമായി കാണുന്നുവെന്ന് ഇടവക വികാരി പ്രസ്താവിച്ചു.

വികാരി റവ. എബ്രഹാം വി സാംസണ്‍, അസിസ്റ്റന്റ് വികാരി റവ. ജെസ്വിന്‍ ജോണ്‍, കണ്‍വീനര്‍മാരായ എബി തോമസ്, ക്രിസ്റ്റോ മേക്കാട്ടുകുളം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ മറ്റ് മാര്‍ത്തോമാ ഇടവകകളിലെ വൈദികരും ഡാളസിലെ സഹോദരീ സഭകളിലെ പട്ടക്കാരും സാമൂഹിക- സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

ഓഗസ്റ്റ് 01 ശനിയാഴ്ച വൈകുന്നേരം 5:30ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് ജാതിമത ഭേദമെന്യേ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.