ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി നടത്തി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ തിരുക്കര്‍മ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തിയത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ പത്തുവരെ പത്ത് ദിവസങ്ങള്‍ നീണ്ടു നിന്ന കൊന്തനമസ്‌കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനയോടുകൂടിയും തുടര്‍ന്നുള്ള പത്തുദിവസങ്ങളില്‍ രാവിലെ 8.15നുള്ള വിശുദ്ധ കുര്‍ബ്ബാനയോടും കൂടിയാണ് നടത്തിയത്. ഒക്ടോബര്‍ മാസത്തില്‍ എല്ലാ ദിവസവും ദൈവാലയത്തില്‍ ജപമാല സമര്‍പ്പണം നടത്തുവാന്‍ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു. അമേരിക്ക ഹാലോവീന്‍ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന ഒക്ടോബര്‍ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയില്‍ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തില്‍ പങ്കുചേരുവാന്‍ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, ഇടവക സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ ജപമാല മാസത്തിന്റെ ഒരുക്കങ്ങള്‍ക്കും നടത്തിപ്പിനും നേതൃത്വം നല്‍കി.
