ഷിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം അവിസ്മരണീയമായി

ഷിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം  അവിസ്മരണീയമായി


ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കര്‍ദ്ദിനാള്‍ ഗോര്‍ജ് കൂവക്കാടിന്റെ സാന്നിധ്യംകൊണ്ടും ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍കൊണ്ടും മറ്റ് നിരവധി പരിപാടികള്‍ കൊണ്ടും അവിസ്മരണീയമായി.

വത്തിക്കാനിലെ മതാന്തര സംവാദങ്ങളുടെ കാര്യാലയത്തിന്റെ തലവനും മാര്‍പ്പാപ്പയുടെ യാത്രകളുടെ കോര്‍ഡിനേറ്ററും മലയാളിയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് ആയിരുന്നു ഈ വര്‍ഷത്തെ ഇടവക ദിനത്തിന്റെ മുഖ്യ അതിഥി. ജൂലൈ 12 ഞായറാഴ്ച രാവിലെ 9:45 ന് മുത്തുക്കുടകളുടെയും ചെണ്ട മേളത്തിന്റെയും തൂ വെള്ള വസ്ത്രം അണിഞ്ഞ കുട്ടികളുടെയും മാറ്റ് ഇടവക ജനത്തിന്റെയും നേതൃത്വത്തില്‍ കര്‍ദ്ദിനാളിനു ഔദ്യോഗികമായ വരവേല്‍പ്പ് നല്‍കി. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര ഷാള്‍ നല്‍കിയും ട്രസ്റ്റീ മെജോ കുന്നശ്ശേരി ബൊക്കെയും വികാരി ഫാ. സിജോ മുടക്കോടില്‍ കത്തിച്ച തിരിയും നല്‍കി കര്‍ദിനാളിന്റെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്നു കര്‍ദ്ദിനാളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍, സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കല്‍, പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തന്‍പുര, ഫാ. ജെറിന്‍ ക്ലാക്കീല്‍, ഫാ. അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. ബലി മദ്ധ്യേ നല്‍കിയ വചന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ദൈവം 12 ശ്ലീഹന്മാരെപ്പോലെ എളിയവരിലൂടെയാണ് സഭയെ നടത്തുന്നതെന്നും സഹായം ആവശ്യമായവര്‍ക്കു താങ്ങായി താങ്ങായി പ്രവര്‍ത്തിക്കുവാന്‍ ഇടവകക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു.

കുര്‍ബ്ബാനക്ക് ശേഷം ഇടവകയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇടവക ദിനത്തിന്റെ പൊതുസമ്മേളനം നടന്നു. വികാരി ഫാ. സിജു മുടക്കോടില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാല്‍, ഫാ. അബ്രഹാം കളരിക്കല്‍, ഫാ. ജോസഫ് പുത്തന്‍പുര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് തന്റെ മറുപടി പ്രസംഗത്തില്‍ 16 വര്‍ഷത്തെ ഇടവകയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും അന്നേ ദിവസം ആദരിക്കപ്പെടുന്ന ദമ്പതികളെയും ഗ്രാജുവേറ്റ്‌സിനെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം അവര്‍ക്കു പ്രത്യേകം ആശീര്‍വാദവും നല്‍കി. തുടര്‍ന്ന് നവ ദമ്പതികള്‍ക്കും വിവാഹത്തിന്റെ 25, 50 വാര്‍ഷികം ആഘോഷിക്കുന്നവര്‍ക്കും 50 വര്‍ഷത്തില്‍ കൂടുതല്‍ വിവാഹിതരായ ദമ്പതികള്‍ക്കും ഈ വര്‍ഷത്തെ ഗ്രാജുവേറ്റസിനും ഇടവകയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഇടവകയുടെ നിലവിലുള്ളതും മുന്‍ വര്‍ഷങ്ങളിലെയും ഭാരവാഹികളെയും ഗായക സംഘത്തെയും അള്‍ത്താര ശുശ്രൂഷികളെയും ആദരിച്ചു. യൂത്ത് ട്രസ്റ്റി ഫെലിക്‌സ് പാലകന്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു. ഫാ. അനീഷ് മാവേലിപുത്തെന്‍പുര, റോയി ചേലമല എന്നിവര്‍ യോഗം നിയന്ത്രിച്ചു. തുടര്‍ന്ന് ക്‌നാനായ പാരമ്പര്യപ്രകാരമുള്ള ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു.

ട്രസ്റ്റിമാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, സിസ്റ്റര്‍ ശാലോം, സിസ്റ്റര്‍ ജസ്സിന, സെക്രട്ടറി സണ്ണി മേലേടം, സജി പുതുക്കയില്‍, ബിജു പൂത്തുറ, അലക്‌സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തന്‍പുര, ജയാ കുളങ്ങര, റെജിമോള്‍ വെള്ളൂര്‍, ലിസ്സി മുല്ലപ്പളി, ബിനു ഇടകര, ജോബില്‍ ചോരത്ത് എന്നിവരും നിരവധി വോളന്റിയേഴ്സും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.