സി ജെ പി സന്‍സദ് ചലോ മാര്‍ച്ചില്‍ ലാത്തിചാര്‍ജും കണ്ണീര്‍വാതകവും; നിരവധി പേര്‍ കസ്റ്റഡിയില്‍

സി ജെ പി സന്‍സദ് ചലോ മാര്‍ച്ചില്‍ ലാത്തിചാര്‍ജും കണ്ണീര്‍വാതകവും; നിരവധി പേര്‍ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി) സംഘടിപ്പിച്ച 'ചലോ സന്‍സദ്' മാര്‍ച്ച് പാര്‍ലമെന്റിന് സമീപമെത്തിയപ്പോള്‍ പ്രതിഷേധം സംഘര്‍ഷഭരിതമായി. പ്രതിഷേധക്കാരെ സുരക്ഷാസേന തടഞ്ഞതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളാവുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തുകയും ചെയ്തു. നിരവധി വിദ്യാര്‍ഥികളെയും പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സി ജെ പി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ പ്രതിപക്ഷ നേതാക്കളായ പ്രിയങ്ക ഗാന്ധി വദ്ര, അഖിലേഷ് യാദവ്, ശശി തരൂര്‍, കെ സി വേണുഗോപാല്‍, മനീഷ് സിസോദിയ എന്നിവര്‍ ശക്തമായി അപലപിച്ചു.

അതിനിടെ സി ജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണവുമായി രംഗത്തെത്തി. 

ദിപ്‌കെ അറസ്റ്റിലോ പൊലീസ് കസ്റ്റഡിയിലോ അല്ലെന്ന് സി ജെ പി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

സന്‍സദ് ചലോ മാര്‍ച്ചിനിടെ ഡല്‍ഹി പൊലീസ് ദിപ്‌കെയെ 'പിടിച്ചുകൊണ്ടുപോയി' എന്ന് സൗരവ് ദാസ് നേരത്തെ ആരോപിച്ചിരുന്നു. 

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ക്രൂരമായി ബലപ്രയോഗം നടത്തുകയാണെന്നും വിദ്യാര്‍ഥികളുടെ സമരത്തിന് എം പിമാര്‍ പിന്തുണ നല്‍കണമെന്നും ദാസ് ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പരീക്ഷാ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് സി ജെ പി സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. 

പാര്‍ലമെന്റിന് ചുറ്റുമുള്ള അതീവ സുരക്ഷാ മേഖലയിലെ ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന കണ്ണീര്‍വാതകവും നേരിയ ബലപ്രയോഗവും നടത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ചില പ്രവേശന കവാടങ്ങള്‍ താത്ക്കാലികമായി അടച്ചതായും അധികൃതര്‍ വ്യക്തമാക്കി.

പി ടി ഐ റിപ്പോര്‍ട്ട് പ്രകാരം രാവിലെ 11.25ഓടെ പ്രതിഷേധക്കാര്‍ വിവിധ സുരക്ഷാ ബാരിക്കേഡുകള്‍ തള്ളിനീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ചില പ്രതിഷേധക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിസാര പരിക്കേറ്റതായും 10 മുതല്‍ 15 വരെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും വൃത്തങ്ങള്‍ അറിയിച്ചു.

ഭരണഘടനാ ക്ലബ്ബിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിനും സമീപമുള്ള മേഖലകളില്‍ പ്രതിഷേധം ശക്തമായതോടെ സുരക്ഷാസേന പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ആര്‍ ബി ഐക്ക് സമീപം സി ജെ പിയുടെ ഏഴ് പ്രവര്‍ത്തകരെയെങ്കിലും കസ്റ്റഡിയിലെടുത്തതായി പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.

ആര്‍ ബി ഐക്ക് സമീപം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ നേരിയ ബലപ്രയോഗം നടത്തിയതായി ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പ്രതിഷേധക്കാര്‍ക്കെതിരെ  വ്യാപകമായ അടിച്ചമര്‍ത്തല്‍ നടത്തിയെന്ന ആരോപണം നിഷേധിച്ചു.

പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സച്ചിന്‍ ശര്‍മ്മ വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ ഡല്‍ഹി പൊലീസ് അക്രമം നടത്തിയെന്നോ ആളുകളെ കസ്റ്റഡിയിലെടുത്തെന്നോ ഉള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് എക്സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഡല്‍ഹി പൊലീസും അറിയിച്ചു. സമാധാനവും പൊതുക്രമവും പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

ഇതിനിടെ, സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അഭിജീത് ദിപ്‌കെ തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 21 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാങ്ചുക് ആരോഗ്യനില സ്ഥിരത കൈവരിച്ചതായി അറിയിക്കുകയും മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി താത്ക്കാലികമായി ആശുപത്രി വിടാന്‍ അനുമതി നല്‍കണമെന്ന് ആശുപത്രി അധികൃതരോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.