ഇടവക പെരുന്നാളും ഡയറക്ടറി പ്രകാശനവും

ഇടവക പെരുന്നാളും ഡയറക്ടറി പ്രകാശനവും


ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ നടക്കും. ഒക്ടോബര്‍ 20 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കൊടിയേറുന്നതോടെ കൂടി പെരുന്നാളിന് തുടക്കം കുറിക്കും. 

25 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ കാര്‍മികത്തില്‍ സന്ധ്യാ പ്രാഥനയും റാസയും നടത്തും. 26-ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 8.30 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ കാര്‍മ്മികത്തില്‍ വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനയും തുടര്‍ന്നു ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കൂടി ഭക്തി നിര്‍ഭരമായ റാസയും ആശീര്‍വാദവും ഇടവകയിലെ എല്ലാ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി പ്രകാശനവും നടക്കും. 

പെരുന്നാളിന്റെ സ്‌പോണ്‍സര്‍മാരായ പതിനൊന്ന് കുടുബങ്ങള്‍ പള്ളിക്കമ്മറ്റിയോടു ചേര്‍ന്ന് പെരുന്നാളിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നു. ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്ന ഈ പെരുനാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. എബി എബ്രഹാം അറിയിച്ചു. ഡയറക്ടറി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ ആയ വികാരി ഫാദര്‍. എബി എബ്രഹാം, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി മോന്‍സി ജോര്‍ജ്, ജിനു ഗീവര്‍ഗീസ്, കോര വര്‍ഗ്ഗീസ്, അജി പി തോമസ്, ജോസ് മാത്യൂ, ഷിബി പോള്‍, സാലി ചെറിയാന്‍ എന്നിവര്‍ ഡയറക്ടറിയുടെ പ്രകാശനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.