ഷിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുഖ്യാതിഥി

ഷിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുഖ്യാതിഥി


ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. 2024 നവംബര്‍ 20-ന് നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

നിലവില്‍ കേരളാ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായ രാഹുല്‍ മാങ്കൂട്ടത്തില്‍ കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 2006-ല്‍ കെ.എസ്.യുവില്‍ അംഗമായതോടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി, കെ.പി.സി.സി അംഗം, കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് തുടങ്ങിയ വിവിധ നിലകളില്‍ രാഹുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടൂര്‍ തപോവന്‍ സ്‌കൂള്‍, പന്തളം സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ബിരുദവും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോള്‍ കോട്ടയം എം ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മത്സരം ആരംഭിക്കും. 5 മണിക്ക് മത്സരങ്ങള്‍ അവസാനിക്കും. 5 മണി മുതല്‍ രാത്രി 10 മണി വരെ വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള 'ഇന്ത്യ ഫുഡ് ടേസ്റ്റ്' നടത്തപ്പെടും. 7 മണി മുതല്‍ 10 മണി വരെ അഫ്‌സലിന്റെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറും. ഈ വര്‍ഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇരുപതില്‍പ്പരം ടീമുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം, ഇന്ത്യാ ഫുഡ് ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടു പ്രവര്‍ത്തിക്കുന്നു.

MORTON GROVE PARK DISTRICT STADIUM

6834 DEMPSTER ST, MORTON GROVE,

ILLINOIS 60053 ആണ് മത്സരത്തിന്റെ പുതിയ വിലാസം.

വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)- (630) 935-9655, സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍)-(630) 673-3382