ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്റെ പ്രചാരണത്തിനും കിക്കോഫിനുമായി കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ. തോമസ് കടുകപ്പിള്ളിയോടൊപ്പം കണക്റ്റിക്കട്ട് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിച്ച കണ്‍വെന്‍ഷന്‍ ടീമിന് സ്‌നേഹപൂര്‍വ്വമായ സ്വീകരണം ഇടവകാംഗങ്ങള്‍ നല്‍കി.
ഫാ. തോമസ് രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്‍വന്‍ഷനിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചു.
നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ പരിപാടികളുടെ രൂപരേഖ മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍ സജി വര്‍ഗ്ഗീസ് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗം ജേക്കബ് തോമസ്, ഇന്‍വിറ്റേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ റോസമ്മ തെനിയപ്ലാക്കല്‍ എന്നിവരും കണ്‍വന്‍ഷന്‍ ടീമിന്റെ ഭാഗമായി എത്തിയിരുന്നു. ഇടവകയില്‍ നിന്നുള്ള കണ്‍വെന്‍ഷന്‍ പ്രതിനിധികളായ ടോണി തോമസ്, റെജി നെല്ലിക്ക്, സഞ്ജയ് ജോസഫ്, അനില്‍ മാത്യു എന്നിവര്‍ മനോഹരമായ കണ്‍വെന്‍ഷന്‍ കിക്കോഫിന് നേതൃത്വം നല്‍കി. ഇടവകാംഗങ്ങളുടെ ആവേശപൂര്‍ണ്ണമായ പങ്കാളിത്തം കണ്‍വെന്‍ഷന്‍ ടീമിന് വലിയ ആവേശം പകര്‍ന്നു.
ഡിസംബര്‍ 31ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തി ഏര്‍ലി ബേര്‍ഡ് നിരക്കുകള്‍ ഉപയോഗപ്രദമാക്കുവാന്‍ ഏവരെയും ടീം ആഹ്വാനം ചെയ്തു. ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ ഇടവകയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഏവരെയും ഇതില്‍ പങ്കുചേരുവാന്‍ ക്ഷണിക്കുകയും ചെയ്തു.
ഷിക്കാഗോയിലെ അതിപ്രശസ്തവും മനോഹരമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലും അതിനോട് ചേര്‍ന്ന മൂന്ന് ഹോട്ടലുകളിലും ആയിട്ടാണ് സീറോ മലബാര്‍ യു എസ ്എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളിലായി രൂപത കൈവരിച്ച അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ പങ്കാളികളായ ഏവരെയും ഈ അവസരത്തില്‍ ഓര്‍മ്മിക്കുകയാണ്.
