ടാമ്പാ: എം എ സി എഫ് 2025 ഓണാഘോഷം; മാമാങ്കത്തിനുള്ള അരങ്ങൊരുങ്ങി

ടാമ്പാ: എം എ സി എഫ് 2025 ഓണാഘോഷം;  മാമാങ്കത്തിനുള്ള അരങ്ങൊരുങ്ങി


ടാമ്പാ: മുപ്പത്തി അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ടാമ്പായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ഈ വര്‍ഷത്തെ ഓണാഘോഷം 'മാമാങ്കം' അതിഗംഭീരമായി സംഘടിപ്പിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായ എം എ സി എഫ് 2025 ഓണാഘോഷം, കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലാരൂപങ്ങളും പ്രതിഫലിപ്പിക്കുന്ന വിപുലമായ പരിപാടികളിലൂടെ, ടാമ്പയിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറും.

ഓഗസ്റ്റ് 23-ന് ടാമ്പാ യിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തുന്ന ഓണാഘോഷത്തിന് പൂക്കളം, അതിവിപുലമായ കേരള സദ്യ, ഫോട്ടോബൂത്ത്, ചെണ്ടമേളം, മാവേലി, ഓണം ഘോഷയാത്ര, കലാപാരിപാടികള്‍, 200ല്‍ പരം പേര്‍ ചേര്‍ന്ന് നടത്തുന്ന 'മാമാങ്കം' എന്നിവ ആണ് ഒരുങ്ങുന്നത്        

പ്രസിഡന്റ് ടോജിമോന്‍ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രഷറര്‍ സാജന്‍ കോരതിന്റെയും നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറെടുപ്പുകള്‍ നടത്തുന്നു.

മെയ് മാസത്തില്‍ തുടങ്ങിയ ഓണാഘോഷപരിപാടിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് എം എ സി എഫ് വിമന്‍സ് ഫോറം (ദിവ്യ ബാബു, ആന്‍സി സെഡ്വിന്‍) എന്നിവര്‍ ആണ് എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് കമ്മിറ്റി, ആര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി, സ്‌പോര്‍ട്‌സ് കമ്മിറ്റി കൊറിയോഗ്രാഫേഴ്‌സ് എന്നിവരും മറ്റനവധി വോളന്റീര്‍സും ചേര്‍ന്നാണ് ഓണഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.

ടാമ്പാ മലയാളികള്‍ കാത്തിരിക്കുന്ന ഓണാഘോഷത്തിനും കലാപരിപാടികളുടെ കൊട്ടിക്കലാശത്തിനും പങ്കുചേരാന്‍ ടാമ്പയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും എം എ സി എഫ് സ്വാഗതം ചെയുകയും ഓരോരുത്തരുടെയും സാന്നിധ്യ സഹകരണങ്ങള്‍ കൊണ്ട് ആഘോഷം വിജയിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.