മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫ്യൂസ്റ്റണ്‍ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫ്യൂസ്റ്റണ്‍ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


സ്റ്റാഫോര്‍ഡ്:  ജൂലൈ 4-ന് സ്റ്റാഫോര്‍ഡില്‍ കേരള ഹൗസില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MAGH) അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9:00 മണിക്ക് ആരംഭിച്ച പരിപാടിയില്‍ MAGH ന്റെ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു.

പരിപാടി എം.സി. ആയ അനിലാ സന്ദീപ് മാഗ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലതീഷ് കൃഷ്ണനെ സ്വാഗതപ്രസംഗത്തിന്  ക്ഷണിച്ചതോടെ മാഗിന്റെ ജൂലൈ 4 ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു.  സ്വാഗത സന്ദേശത്തിന് ശേഷം അമേരിക്കയുടെ ദേശീയഗാനം ആലപിക്കുകയും അമേരിക്കന്‍ പതാക മേയര്‍ കെന്‍ മാത്യു ഉയര്‍ത്തുകയും ചെയ്തു.  തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനാലാപനം. മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.  

 തന്റെ അധ്യക്ഷ പ്രസംഗത്തില്‍, മാത്യുസ് മുണ്ടക്കല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. 'നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ മുന്‍ഗാമികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നമ്മെ ജന്മം നല്‍കിയ പെറ്റമ്മയെ പോലെ തന്നെ നമ്മെ പരിപാലിക്കുന്ന പോറ്റമ്മക്കും തുല്യ മഹത്വം നല്‍കണം,' അദ്ദേഹം പറഞ്ഞു.

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍, തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍, സ്വാതന്ത്ര്യത്തിന്റെ ആശയം എത്ര മഹത്തരമാണ് എന്ന് പറയുകയുണ്ടായി. തുടര്‍ന്ന്  ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍ തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍, സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ല, ഒരു വലിയ ഉത്തരവാദിത്തം കൂടിയാണെന്നും ഓര്‍മ്മപ്പെടുത്തി. 'ഹ്യൂസ്റ്റണിലെ മറ്റുള്ള ഇന്ത്യന്‍ സമൂഹങ്ങളില്‍ നിന്ന് കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്ളത് നമ്മുടെ മലയാളി സമൂഹമാണെന്നത് നമ്മുടെ സിവിക് ഉത്തരവാദിത്വങ്ങളില്‍ നമ്മള്‍ സജീവമായി പങ്കെടുക്കുന്നതിന്റെ തെളിവാണ്. എന്നാല്‍, സ്വാതന്ത്ര്യം സൂക്ഷ്മമായി ഉപയോഗിക്കേണ്ട ഒരു ഉത്തരവാദിത്വമാണ്. പലപ്പോഴും ലഭിക്കുന്ന പദവികളും സ്വാതന്ത്ര്യങ്ങളും ചിലരെങ്കിലും ദുരുപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ നാം സങ്കടപ്പെടുന്നു. അത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് ഈ അടുത്തകാലത്ത് നമ്മള്‍ കേള്‍ക്കുന്നത്.  ഇങ്ങനെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം ചെയ്യുന്നവര്‍ അധിക കാലം ആ സ്ഥാനത്തുണ്ടാവില്ല എന്നാണ് . കാരണം ഈ രാജ്യം അത് അനുവദിക്കില്ല,' അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റും ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനറുമായ ശശിധരന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് വാസുദേവന്‍ എന്നിവര്‍  കടന്നുവന്നവര്‍ക്ക് സ്വാതന്ത്ര്യ ദിനത്തിന്റെ ആശംസകള്‍ അറിയിച്ചു.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം ജോര്‍ജ്ജ് തെക്കേമലയുടെ നന്ദി പ്രസംഗത്തോടെ  പരിപാടി അവസാനിച്ചു, തുടര്‍ന്ന് കടന്നുവന്ന എല്ലാവര്‍ക്കും രുചികരമായ പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.