വിന്‍സര്‍ : വിന്‍സര്‍ മലയാളി അസോസിയേഷന്റെ 2025 ലെ ഓണാഘോഷം 'പൂത്തുമ്പി' സെപ്റ്റംബര്‍ 6ന് പാരമ്പര്യ തനിമയോടെ വിന്‍സര്‍ ഡബ്ലിയുഎഫ്‌സിയു(ണഎഇഡ) സെന്ററില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ മുഖ്യാതിഥികളായി പ്രശസ്ത സിനിമാ നടിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ദിവ്യ ഉണ്ണി, മുന്‍ സിനിമാ താരമായ ആശ ജയറാം എന്നിവരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണസദ്യ യോടൊപ്പം ദിവ്യ ഉണ്ണി അവതരിപ്പിക്കുന്ന നൃത്തരൂപങ്ങള്‍ ആഘോഷങ്ങള്‍ക്ക് ആവേശം പകരും. കലയും സംഗീതവും നിറഞ്ഞ വേദിയില്‍ ആശാന്‍ ശ്രീകാന്ത് സുരേന്ദ്രന്‍ നയിക്കുന്ന വാദ്യവേദിയുടെ ചെണ്ടമേളവും വിന്‍സറില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. മലയാളിയുടെ ഐക്യവും ഓണത്തിന്റെ പാരമ്പര്യവും നിറഞ്ഞു നില്‍ക്കുന്ന ഈ ഓണാഘോഷത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിന്‍സര്‍ മലയാളി അസ്സോസിയേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.
വിന്‍സര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 'പൂത്തുമ്പി' സെപ്റ്റംബര്‍ 6ന്
