ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 77.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായെന്നാണ് ബാങ്ക് ഓഫ് ബറോഡ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. 10.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കയറ്റുമതിയെക്കാള്‍ കൂടുതലാണ് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മാത്രമുണ്ടായത്.
2010 വരെ വളര്‍ച്ചയെ മന്ദഗതിയിലാക്കിയെങ്കിലും പിന്നീട് ഇന്ത്യക്ക് മെച്ചപ്പെട്ട കാലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആവശ്യകതയേറുന്നതിന്റെ സൂചനയാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കാണ്.
ഇന്ത്യ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആരംഭിച്ച 1991 മുതല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി രാജ്യത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതി വളര്‍ച്ചയ്ക്ക് സമാനമായ പാതയാണ് പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
നിരവധി സുപ്രധാന ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് യുഎസ് ഒരു നിര്‍ണായക വിപണിയായി തുടരുന്നു. 2024ല്‍, യുഎസിലേക്കുള്ള ഏറ്റവും മികച്ച അഞ്ച് കയറ്റുമതി ചരക്കുകളില്‍ മരുന്നുകളും ഫാര്‍മസ്യൂട്ടിക്കല്‍സും, മുത്തുകളും വിലയേറിയ കല്ലുകളും, പെട്രോ ഉല്‍പ്പന്നങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു, രാജ്യത്തിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 40 ശതമാനമാണിത്.
മറ്റ് ശ്രദ്ധേയമായ കയറ്റുമതികളില്‍ നൂല്‍, സമുദ്രോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ അമേരിക്കന്‍ വിപണിയില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മത്സരവും നേരിടുന്നു.
അമേരിക്കയിലേക്ക് ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ്; മൂല്യം 77.5 ബില്യണ്‍ ഡോളര്‍