കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി നേതൃത്ത്വം നല്കുന്ന ലുലു ഗ്രൂപ്പ് കേരളത്തില്‍ പുതിയ ചരിത്രം കുറിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഐ.ടി ടവറുകളാണ് കൊച്ചിയുടെ മണ്ണില്‍ തല ഉയര്‍ത്താന്‍ പോകുന്നത്. കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പടുത്തുയര്‍ത്തിയ, കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനം 2025 ജൂണ്‍ 28ന് നടക്കും. കേരളത്തിന്റെ ബിസിനസ് ഹബ്ബായ കൊച്ചിയുടെ സാധ്യതകളിലേക്ക് മിഴി തുറക്കുന്ന പടുകൂറ്റന്‍ ടവറുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ നിരവധി ആളുകള്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും. 1,500 കോടി രൂപയാണ് ഈ പ്രൊജക്ടിന്റെ മുതല്‍ മുടക്ക്
രണ്ട് ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതേ സമയം ആകെ 34 ലക്ഷം ചതുരശ്ര അടിയില്‍, 12.74 ഏക്കറുകളിലായിട്ടാണ് ഈ ടവറുകള്‍ വ്യാപിച്ചു കിടക്കുന്നത്. 153 മീറ്ററുകളാണ് ഓരോ ടവറിന്റെയും ഉയരം. ആകെ 30 നിലകള്‍ വീതമാണ് ഓരോ ടവറിനുമുള്ളത്.
സ്മാര്‍ട് സിറ്റി കൊച്ചി ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായിട്ടാണ് ഈ ടവറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇവിടെ പൂര്‍ണമായി പ്രവര്‍ത്തനം നടക്കുന്നതോടെ ഏകദേശം 30,000 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ തന്നെ 1,500 ഐ.ടി പ്രഫഷണലുകള്‍ക്ക് ഇവിടെ ജോലി ലഭിക്കും
പല രാജ്യങ്ങളിലും ബിസിനസ് സാന്നിദ്ധ്യമുള്ള വന്‍കിട ഐ.ടി കമ്പനികള്‍ അടക്കം ഇവിടെ പ്രവര്‍ത്തിക്കും. താരതമ്യേന കുറഞ്ഞ ചിലവ്, മികച്ച അടിസ്ഥാന സൗകര്യം തുടങ്ങിയവ വലിയ കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കേരളത്തില്‍ വൈദഗ്ധ്യമുള്ള ഐ.ടി പ്രഫഷണലുകളുടെ ആധിക്യമുണ്ടെന്നത് കമ്പനികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്.
രണ്ട് ടവറുകളുടെയും മധ്യത്തിലായി നിര്‍മിച്ചിരിക്കുന്ന ഫുഡ് കോര്‍ട്ടില്‍ ഒരേ സമയം 2,500 ആളുകള്‍ക്ക് ഇരിക്കാം. ജിംനേഷ്യ, സെന്‍ട്രലൈസ്ഡ് എ.സി, പവര്‍ ബാക്കപ്പ്, ഇ.വി ചാര്‍ജ്ജിങ് സ്റ്റേഷന്, മഴവെള്ള സംഭരണി, വലിയ കോണ്‍ഫറന്‍സ് ഹാളുകള്‍, നിരവധി എലവേറ്ററുകള്‍ എന്നിവയെല്ലാം ലുലു ടവറുകളിലുണ്ട്. ഒരേ സമയം 4,500 കാറുകള്‍ക്ക് വരെ ഇവിടെ പാര്‍ക്ക് ചെയ്യാം. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് റോബോട്ടിക് സംവിധാനവും പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ 5 സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങളാണ് ലുലു ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ വ്യവസായവാണിജ്യ ഭൂമികയില്‍ കൊച്ചിക്ക് പണ്ടു കാലം മുതല്‍ വലിയ പ്രാധാന്യമാണുള്ളത്. കൊച്ചിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കൊച്ചി സ്മാര്‍ട് സിറ്റി എന്ന ആശയം നടപ്പാക്കിയിരിക്കുന്നത്.
കേരള സര്‍ക്കാരും യു.എ.ഇ ആസ്ഥാനമായ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ ദുബായ് ഹോള്‍ഡിങ്ങും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. 246 ഏക്കറുകളിലായി 1 മില്യണ്‍ സ്ക്വയര്‍ ഫീറ്റ് വ്യാപിച്ചു കിടക്കുന്ന സ്മാര്‍ട് സിറ്റി കൊച്ചിയുടെയും, കേരളത്തിന്റെയും മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. ഇതേ സ്മാര്‍ട് സിറ്റിക്ക് കരുത്തും, ചാരുതയും പകര്‍ന്നു കൊണ്ടാണ് ലുലു ഗ്രൂപ്പിന്റെ പുതിയ രണ്ട് വന്‍കിട ടവറുകള്‍ കൂടിയെത്തുന്നത്.
കൊച്ചിയില്‍ 1500 കോടി മുതല്‍ മുടക്കില്‍ ലുലുവിന്റെ 30 നിലകളുള്ള ഐ.ടി ടവറുകള്‍; ഉദ്ഘാടനം ജൂണ്‍ 28 ന്
