ഓസ്റ്റിന്‍ (ടെക്‌സാസ്): ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി എലോണ്‍ മസ്‌കിന് ഇതുവരെ ഒരിക്കലും ലഭിക്കാത്ത തരത്തില്‍ റെക്കോര്‍ഡ് നിരക്കില്‍ പ്രതിഫലം നല്‍കുന്ന പാക്കേജിന് ടെസ്ലയുടെ ഓഹരിയുടമകള്‍ അംഗീകാരം നല്‍കി. മസ്‌ക് ഏറ്റെടുക്കുന്ന പുതിയ പ്രതിഫല പാക്കേജിന് അനുകൂലമായി 75 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു.
'ഇത് ടെസ്ലയുടെ പുതിയ അധ്യായമല്ല, ഒരു പുതിയ പുസ്തകമാണ്. അതിനാല്‍ നിങ്ങളുടെ ടെസ്ല ഓഹരികള്‍ കയ്യില്‍ വെച്ച് പിടിച്ചു നില്‍ക്കൂ.' -പിങ്ക്-നീല നിറങ്ങളില്‍ അലങ്കരിച്ച വേദിയില്‍ നൃത്തം ചെയ്യുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പശ്ചാത്തലത്തില്‍, ഓഹരിയുടമകളോട് നന്ദി രേഖപ്പെടുത്തി മസ്‌ക് പറഞ്ഞു:
പുതിയ പ്രതിഫല പാക്കേജ് ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാന സ്ഥാപനങ്ങളായ പെന്‍ഷന്‍ ഫണ്ടുകളും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളും ഈ നീക്കത്തെ കുറിച്ച് വിഭിന്ന നിലപാടുകള്‍ എടുത്തിരുന്നു. ഈ വോട്ടിംഗ് മസ്‌കിന്റെ നേതൃത്വത്തെയും ടെസ്ലയുടെ ഭാവി ദിശയെയും കുറിച്ചുള്ള ഒരു വിധിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
ടെസ്ലയോടുള്ള താല്‍പര്യം നഷ്ടപ്പെട്ടാല്‍ കമ്പനി വിടുമെന്ന് മുമ്പ് മസ്‌ക് ഭീഷണി മുഴക്കിയിരുന്നു. നിലവില്‍ ടെസ്ലയുടെ 15 ശതമാനം ഓഹരികള്‍ അദ്ദേഹത്തിനാണ്. ടെസ്ലയുടെ റോബോട്ടിക് പദ്ധതികള്‍ 'തെറ്റായ കൈകളില്‍' പോകാതിരിക്കാന്‍ മതിയാവുന്ന ഓഹരി പങ്കാളിത്തം വേണമെന്നാണ് മസ്‌ക് നേരത്തെ പറഞ്ഞിരുന്നത്.
പുതിയ പാക്കേജില്‍ 12 ഘട്ടങ്ങളാണ് ഉള്ളത്. ഓരോ ഘട്ടത്തിലും ടെസ്ലയുടെ വിപണി മൂല്യം നിശ്ചിത തലങ്ങളില്‍ എത്തിക്കുകയും നിര്‍ദ്ദിഷ്ട ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ കൈവരിക്കുകയും വേണം. ഇപ്പോള്‍ ഏകദേശം 1.5 ട്രില്യണ്‍ ഡോളറായ ടെസ്ലയുടെ വിപണി മൂല്യം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 8.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അത് വിജയിച്ചാല്‍ മസ്‌കിന്റെ ഓഹരി പങ്കാളിത്തം 25 ശതമാനമായി ഉയരും.
'അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് പണമല്ല, മറ്റാര്‍ക്കും സാധിക്കാത്ത കാര്യങ്ങള്‍ സാധ്യമാക്കാനുള്ള ആഗ്രഹമാണ്.' ടെസ്ല ബോര്‍ഡ് ചെയര്‍ റോബിന്‍ ഡെന്‍ഹോം പറഞ്ഞു.
പുതിയ പാക്കേജിനെതിരെ ചില പ്രധാന ഇന്‍വെസ്റ്റര്‍മാരും അവരുടെ നിഴല്‍ ഉപദേശകരും നിലകൊണ്ടു. കാലിഫോര്‍ണിയ പബ്ലിക് എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം, ന്യൂയോര്‍ക്ക് സിറ്റി പെന്‍ഷന്‍ ഫണ്ടുകള്‍, നോര്‍വേയുടെ നോര്‍ഗസ് ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് തുടങ്ങിയവ എതിര്‍വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ചാള്‍സ് ഷ്വാബ് പോലുള്ള നിക്ഷേപസ്ഥാപനങ്ങള്‍ മസ്‌കിന് അനുകൂലമായി വോട്ടുചെയ്തു.
മസ്‌കിന്റെ 2018ലെ മുന്‍ പ്രതിഫല പാക്കേജ് ഇപ്പോള്‍ ഡെലവെയര്‍ സുപ്രീംകോടതിയില്‍ തര്‍ക്കാവസ്ഥയിലാണ്. ആ പാക്കേജ് അനധികൃതമാണെന്ന് കീഴ് കോടതി വിധിച്ചിരുന്നു. ടെസ്ല അതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പുതിയ പദ്ധതിയിലൂടെ മസ്‌കിന് ലഭിക്കുന്ന ഓഹരികള്‍ 7.5 മുതല്‍ 10 വര്‍ഷം വരെ വിറ്റഴിക്കാന്‍ കഴിയില്ല. ഓരോ ലക്ഷ്യവും നേടുമ്പോള്‍ ടെസ്ലയുടെ നിലവിലെ ഓഹരികളില്‍ ഏകദേശം 1 ശതമാനത്തോളം അധിക ഓഹരി അദ്ദേഹത്തിന് ലഭിക്കും.
ടെസ്ലയുടെ വില്‍പ്പനയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 13 ശതമാനം ഇടിവുണ്ടായെങ്കിലും, മെയ് മാസത്തില്‍ മസ്‌ക് വാഷിംഗ്ടണിലെ ഗവണ്‍മെന്റ് എഫിഷന്‍സി വകുപ്പില്‍ നിന്നു പിന്മാറിയതോടെ അദ്ദേഹം വീണ്ടും ടെസ്ലയിലും എ.ഐ. സ്റ്റാര്‍ട്ടപ്പായ xAIയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
പുതിയ പ്രതിഫല പദ്ധതി 'മൂണ്‍ഷോട്ട്' മോഡലുകളിലൊന്നായി വിലയിരുത്തപ്പെടുന്നു - ലക്ഷ്യം കൈവരിച്ചാല്‍ വന്‍ നേട്ടവും പരാജയപ്പെട്ടാല്‍ മാരക നഷ്ടവും സംഭവിക്കാവുന്ന പാക്കേജാണിത്..
എലോണ്‍ മസ്‌കിന്റെ 1 ട്രില്യണ്‍ ഡോളര്‍ പ്രതിഫല പാക്കേജ് ടെസ്ല ഓഹരിയുടമകള്‍ അംഗീകരിച്ചു
