ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകണമെന്നും താരിഫ് നയങ്ങളില്‍ ജാഗ്രത വേണമെന്നും റിപ്പബ്ലിക്കന്‍ നേതാവ്

ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകണമെന്നും താരിഫ് നയങ്ങളില്‍ ജാഗ്രത വേണമെന്നും റിപ്പബ്ലിക്കന്‍ നേതാവ്


വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗവും ഇന്ത്യാ കോക്കസിന്റെ സഹ അധ്യക്ഷനുമായ റിച്ച് മകോര്‍മിക്. രണ്ട് രാജ്യങ്ങളും ചേര്‍ന്നാല്‍ ലോകത്തില്‍ സമാധാനത്തിന്റെ മറ്റൊരു കാലം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയെ പോലുള്ള സുഹൃത്തുക്കളെ അമേരിക്കയ്ക്ക് അടുത്തായി സംരക്ഷിക്കണമെന്ന് ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ട്രംപിനോട് മകോര്‍മിക് ആവശ്യപ്പെട്ടു. താന്‍ ഇന്ത്യാ കോക്കസിന്റെ ചെയര്‍മാനാണെന്നും ഇന്ത്യയോട് അതിയായ സ്‌നേഹമുണ്ടെന്നും പറഞ്ഞ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ഏറ്റവും സമ്പന്നവും പഴക്കം ചെന്നതുമായ ജനാധിപത്യരാജ്യവുമായ അമേരിക്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പുതിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

താരിഫ് നയവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ജാഗ്രത പാലിക്കണമെന്നും മകോര്‍മിക് ഉപദേശിച്ചു. ഇന്ത്യ ശരാശരി 15 ശതമാനം താരിഫ് ഈടാക്കുമ്പോള്‍ അമേരിക്ക ഏകദേശം 2 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും ഈ വിഷയത്തില്‍ പ്രസിഡന്റ് ട്രംപ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും തങ്ങള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ക്കും മകോര്‍മിക് പ്രശംസ അര്‍പ്പിച്ചു. 2023-ല്‍ ചന്ദ്രന്റെ ഇരുണ്ട വശത്ത് വിജയകരമായി ബഹിരാകാശനൗക ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയതിനെ അദ്ദേഹം അഭിമാനകരമായ നേട്ടം എന്ന് വിലയിരുത്തി. 

നീണ്ട മൗനത്തിനു ശേഷം നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഇന്ത്യ- അമേരിക്ക ബന്ധത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ആറോളം ഇരുകക്ഷി കത്തുകളും പ്രമേയങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യ- അമേരിക്ക കൂട്ടുകെട്ടിനെ വീണ്ടും ഉറപ്പാക്കാനും ന്യൂഡല്‍ഹിയെ ലക്ഷ്യമിട്ട് ഭരണകൂടം കൈക്കൊണ്ട ചില നടപടികളില്‍ ഉത്തരവാദിത്തം ഏ്ല്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.