നഴ്‌സുമാരുടെ ഷിഫ്റ്റ് സമയം- അധിക സമയ വേതനം എന്നീ നിര്‍ദ്ദേശങ്ങള്‍ക്ക് വ്യാപക പിന്തുണ

നഴ്‌സുമാരുടെ ഷിഫ്റ്റ് സമയം- അധിക സമയ വേതനം എന്നീ നിര്‍ദ്ദേശങ്ങള്‍ക്ക് വ്യാപക പിന്തുണ


തിരുവനന്തപുരം: സംസ്ഥാനത്തെ 900-ഓളം സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ 6-6-12 ഷിഫ്റ്റ് സംവിധാനത്തിനും അധിക സമയ ജോലിക്ക് ഓവര്‍ടൈം വേതനം നല്‍കാനുള്ള ഉത്തരവിനും നഴ്‌സുമാരില്‍ നിന്ന് വ്യാപകമായ പിന്തുണ ലഭിച്ചു. വര്‍ഷങ്ങളായി അന്യായമായ ജോലി സമയവും കുറഞ്ഞ വേതനവുമുള്ള സാഹചര്യങ്ങള്‍ നേരിടുന്ന നഴ്‌സുമാര്‍ ഈ നീക്കത്തെ നീതിയിലേക്കുള്ള പ്രധാന ചുവടുവെയ്പായി കാണുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനകം നിലവിലുള്ള ഈ ഷിഫ്റ്റ് സംവിധാനം പ്രകാരം നഴ്‌സുമാരുടെ ജോലി സമയം രണ്ട് ആറുമണിക്കൂര്‍ ഡേ ഷിഫ്റ്റുകളും ഒരു 12 മണിക്കൂര്‍ നൈറ്റ് ഷിഫ്റ്റുമായി വിഭജിച്ചിരിക്കുന്നു. മാസത്തില്‍ 208 മണിക്കൂറിന് മുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു ഓവര്‍ടൈം വേതനം നല്‍കണമെന്നുമാണ് പുതിയ ഉത്തരവിന്റെ നിര്‍ദേശം.

കേരളത്തില്‍ ഏകദേശം 75,000 നഴ്‌സുമാര്‍ സ്വകാര്യ ആശുപത്രികളിലും 20,000 പേര്‍ സര്‍ക്കാര്‍ മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഷിഫ്റ്റ് സമയം ഏകീകരിക്കുന്നതിലൂടെ നഴ്‌സുമാര്‍ക്ക് നീതിയുള്ള പ്രതിഫലം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആശുപത്രികള്‍ക്ക് അധിക ജീവനക്കാരെ നിയമിക്കേണ്ടി വരുന്നതിനാല്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

പുതിയ ഷിഫ്റ്റ് സംവിധാനം നഴ്‌സുമാരുടെ ജോലി സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നറല്‍ സെക്രട്ടറി അജയ് വിശ്വംഭരന്‍ പറഞ്ഞു.