സഭയുടെ നിലപാട് യെസ് എസ് ഐ ആര്‍

സഭയുടെ നിലപാട് യെസ് എസ് ഐ ആര്‍


തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ നടപടിയെ സ്വാഗതം ചെയ്ത് സീറോ-മലബാര്‍ കത്തോലിക്കാ സഭ. എല്‍ ഡി എഫും യു ഡി എഫും എസ് ഐ ആറിനെതിരെ  നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് സഭ അനുകൂല തീരുമാനവുമായി രംഗത്തെത്തിയത്. 

ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാ കക്ഷികളും എസ് ഐ ആര്‍ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 

മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടതിനു ശേഷമാണ് എസ് ഐ ആര്‍ വിഷയത്തില്‍ സഭ അനുകൂല പ്രതികരണം നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

സഭാ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലില്‍ പുറത്തിറക്കിയ കത്തില്‍ വീടുകളിലെത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച രേഖകള്‍ തയ്യാറായി സൂക്ഷിക്കണമെന്നും വിശ്വാസികളോട് ആവശ്യപ്പെട്ടു.

നമ്മെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് വരുന്നതെന്നും സംശയങ്ങള്‍ തീര്‍ക്കാന്‍ അവരുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കണമെന്നും കത്തില്‍ പറയുന്നു. വിദേശത്ത് താമസിക്കുന്ന  ഇന്ത്യന്‍ പൗരത്വമുള്ള സഭാംഗങ്ങള്‍ ഓണ്‍ലൈനിലൂടെയോ ബന്ധുക്കളുടെ സഹായത്തോടെയോ ഫോമുകള്‍ സമര്‍പ്പിക്കണമെന്നും സഭ നിര്‍ദേശിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന എല്ലാ കക്ഷികളുടെയും യോഗത്തില്‍ ബി ജെ പി ഒഴികെ എല്ലാ കക്ഷികളും എസ് ഐ ആറിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാറും സി പി എമ്മും നിയമോപദേശം തേടുമെന്ന് അറിയിച്ചു.

സര്‍ക്കാര്‍ നിയമനടപടിക്ക് നേതൃത്വം നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസ് അതില്‍ പങ്കാളിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 

2002ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി പുതുക്കല്‍ നടത്തുമ്പോള്‍ 2025ലെ പുതുക്കിയ വോട്ടര്‍ പട്ടിക അവഗണിക്കുന്നത് ഗൂഢലക്ഷ്യമാണെന്നും പിണറായി ആരോപിച്ചു. പഴയ പട്ടികയുടെ അടിസ്ഥാനത്തില്‍ പുതുക്കല്‍ നടത്തുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന നിലപാടാണ് മറ്റു കക്ഷികളും പങ്കുവെച്ചത്.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എസ് ഐ ആര്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിമര്‍ശിച്ചു.

കേരളത്തില്‍ എസ് ഐ ആര്‍ ആരംഭിച്ച് രണ്ടാം ദിവസം 2025ലെ വോട്ടര്‍ പട്ടികയിലെ ഏകദേശം 3.18 ശതമാനം വരുന്ന 8.85 ലക്ഷം പേര്‍ ഫോമുകള്‍ സ്വീകരിച്ചു.