ഹൊണലുലു (ഹവായി): ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാനും ഇന്‍ഡോപസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക മേധാവികള്‍ ഹവായിയില്‍ കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ ഇന്ത്യ- യ എസ് മിലിട്ടറി കോപ്പറേഷന്‍ ഗ്രൂപ്പ് (എം സി ജി) യോഗത്തില്‍ പ്രതിരോധ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും പരസ്പര പ്രവര്‍ത്തനസാധ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയുടെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതും യു എസ് ഇന്‍ഡോ- പസഫിക് കമാന്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ലെഫ്. ജെനറല്‍ ജോഷ്വ എം റഡും ചേര്‍ന്നാണ് 22-ാമത് എം സി ജെ യോഗത്തിന് അധ്യക്ഷത വഹിച്ചത്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം ഇരുരാജ്യങ്ങളും പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടൊപ്പം തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധതയും പ്രകടിപ്പിച്ചു. ഇന്‍ഡോപസഫിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ സഹകരണം വ്യാപിപ്പിക്കാനും ഇരുവരും തീരുമാനിച്ചു.
ഇന്ത്യ ഏറ്റവും കൂടുതല്‍ സൈനിക അഭ്യാസങ്ങള്‍ നടത്തുന്ന രാജ്യം അമേരിക്കയാണെന്നും സമാധാനവും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാനുള്ള ഇരുരാജ്യങ്ങളുടെയും ജനാധിപത്യ പ്രതിബദ്ധതയെ ഇവ പ്രകടിപ്പിക്കുന്നുവെന്നും വാഷിംഗ്ടണിലെ ഇന്ത്യന്‍ സ്ഥാനപതി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
