ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമുണ്ടെന്ന് മംദാനി

ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമുണ്ടെന്ന് മംദാനി


ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ ന്യൂയോര്‍ക്ക് സിറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട മേയര്‍ സോഹ്രാന്‍ മംദാനി തനിക്ക് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമുണ്ടെന്നും അതിലൂടെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

വൈറ്റ് ഹൗസില്‍ നിന്ന് തനിക്കിതുവരെ ഔപചാരികമായ ആശംസ ലഭിച്ചിട്ടില്ലെന്നും എങ്കിലും 'ജീവിതച്ചെലവിന്റെ വര്‍ധനവിനെ കുറിച്ച് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണ്' എന്നും മംദാനി വ്യക്തമാക്കി.

'ന്യൂയോര്‍ക്കുകാരെ സേവിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ച് ട്രംപുമായി സംസാരിക്കാന്‍ ഞാന്‍ ഇപ്പോഴും താത്പര്യപ്പെടുന്നു,' മംദാനി പറഞ്ഞു.

ജീവിതച്ചെലവുമായി ബന്ധപ്പെട്ട തന്റെ പ്രചാരണ വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്നതും അതില്‍ പെടുന്നു. സാധാരണ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ജീവിത പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞാല്‍ മതി എന്നല്ല, അതിന് പരിഹാരം കാണുന്നതാണ് പ്രധാനമെന്നും ഇതാണ് പ്രസിഡന്റിന് ലഭിക്കേണ്ട പാഠം' എന്നും അദ്ദേഹം പറഞ്ഞു. 

സിറ്റി ബസ് യാത്ര സൗജന്യമാക്കും, വാടക നിയന്ത്രിക്കും, സൗജന്യ ശിശു പരിപാലനം നടപ്പാക്കും എന്ന വാഗ്ദാനങ്ങളാണ് മംദാനിയെ വിജയത്തിലേക്ക് നയിച്ചത്. 'രാജ്യത്താകെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത് ഈ പദ്ധതികള്‍ നാം യാഥാര്‍ഥ്യമാക്കുമെന്നതാണ്,' എന്നും അദ്ദേഹം പറഞ്ഞു.

മംദാനി തന്റെ ട്രാന്‍സിഷന്‍ ടീമിനെ നയിക്കാന്‍ അഞ്ച് വനിതകളെ സഹ-ചെയര്‍മാരായി പ്രഖ്യാപിച്ചു. അതില്‍ പ്രമുഖരായവര്‍ ജോ ബൈഡന്‍ ഭരണകാലത്ത് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലീന ഖാനും മറിയ ടോറസ്-സ്പ്രിംഗറും ഉള്‍പ്പെടുന്നു.

മംദാനി വിജയിച്ചാല്‍ ഫെഡറല്‍ ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ടാകുമെന്ന് ട്രംപ് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മിയാമിയിലെ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത് 'ന്യൂയോര്‍ക്ക് മികച്ചതാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ അവനെ സഹായിക്കാമെന്ന്' സൂചന നല്‍കി.

മംദാനിയുടെ പ്രസംഗത്തില്‍ നേരിട്ട് പരാമര്‍ശിക്കപ്പെട്ടതിനു ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം വന്നത്.