കൊല്‍ക്കത്ത: പത്ത് വര്‍ഷത്തിനിടെ ബാങ്കോക്കിലേക്ക് 900 തവണയോളം യാത്ര ചെയ്ത ഖാര്‍ദാ സ്വദേശിയായ വ്യവസായി വിനോദ് ഗുപ്തയെ (Vinod Gupta) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് കേസിന്റെ അന്വേഷണത്തിനിടെ ഗുപ്തയുടെ പേര് പുറത്തുവന്നതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ചത്.
നവംബര്‍ 3ന് നദിയ ജില്ലയിലും കൊല്‍ക്കത്തയിലുമുളള സ്ഥലങ്ങളില്‍ ഇ.ഡി. സംഘം പരിശോധനകള്‍ നടത്തി. ഇവയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് നവംബര്‍ 4ന് ഖാര്‍ദായിലെ ഗുപ്തയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. പരിശോധനയില്‍ നിരവധി രേഖകളും 'പ്രധാനമായും സംശയാസ്പദമായ' വിവരങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
താന്‍ മസാല വ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസുകാരനാണെന്നും, ബാങ്കോക്ക് യാത്രകള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായിരുന്നുവെന്നും ആയിരുന്നു ചോദ്യം ചെയ്യലില്‍ ഗുപ്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് എന്നാല്‍ ഗുപ്ത വിദേശനാണ്യ (ഫോറക്‌സ്) വ്യാപാരത്തിലും സജീവമായിരുന്നുവെന്നും, ബാങ്കോക്ക് യാത്രകള്‍ അനധികൃത വിദേശ നാണയ ഇടപാടുകളുമായി ബന്ധപ്പെട്ടാകാമെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്,
'ഗുപ്തയുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.
വ്യാജ പാസ്‌പോര്‍ട്ട് കേസ് ഒക്ടോബറില്‍ പുതിയ വഴിത്തിരിവിലെത്തിയിരുന്നു. പാകിസ്താന്‍ പൗരനായ അസാദ് മല്ലിക്കിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നദിയയിലെയും ഉത്തര 24 പര്ഗാനാസിലെയും ഗേഡെ അതിര്‍ത്തിക്കു സമീപമുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു.
തുടര്‍ന്ന് ശിബ്പൂരില്‍ നിന്ന് ഇന്ദുഭൂഷണ്‍ ഹാള്‍ദറിനെയും അറസ്റ്റ് ചെയ്തു. ഹാള്‍ദറിന്റെ ചോദ്യം ചെയ്യലിലാണ് ഗുപ്തയുടെ പേര് പുറത്തുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
'വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുകളില്‍ നിന്നുള്ള പണം വിദേശ നാണയ വിനിമയ വ്യാപാരത്തിലേക്ക് നിക്ഷേപിച്ചതായാണ് സൂചന. അതുവഴിയാണ് ഗുപ്തയിലേക്കുള്ള അന്വേഷണം എത്തിയതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അന്വേഷണം നേരിടുന്ന ബിസിനസുകാരന്‍ ബാങ്കോക്കിലേക്ക് യാത്രചെയ്തത് 900 തവണ; വിദേശനാണ്യ ഇടപാടുകളുമായി ബന്ധമെന്ന സംശയത്തില്‍ ഇഡി അന്വേഷണം
