വാഷിംഗ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തങ്ങള്‍ തിരഞ്ഞെടുക്കുന്ന ലിംഗപരാമര്‍ശം ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് നിര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് സുപ്രീംകോടതി അനുമതി നല്‍കി. കീഴ്‌കോടതികളില്‍ കേസ് തുടരുന്നതിനിടെ നയം നടപ്പാക്കാന്‍ അനുവദിക്കുന്ന അടിയന്തര ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ട്രംപ് വേഴ്‌സസ് ഓര്‍ എന്ന കേസിലാണ് വിധി വന്നത്. ഭരണകൂടത്തിന് സുപ്രീംകോടതിയില്‍ നിന്നുലഭിക്കുന്ന മറ്റൊരു പ്രധാന വിജയം കൂടിയാണിത്.
ഉത്തരവിന്റെ കാരണങ്ങള്‍ നാല് പാരഗ്രാഫുകളിലായി വ്യക്തമാക്കിയെങ്കിലും എത്ര ജഡ്ജിമാര്‍ അനുകൂലിച്ചു എന്ന വോട്ട് പുറത്തുവിട്ടിട്ടില്ല. 'പാസ്‌പോര്‍ട്ട് ഉടമയുടെ ജനനസമയം രേഖപ്പെടുത്തിയ ലിംഗം കാണിക്കുന്നത് തുല്യതാ സിദ്ധാന്തം ലംഘിക്കുന്നില്ല. ജനനദേശത്തെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതുപോലെയാണ് ഇതും,' ഉത്തരവില്‍ ജഡ്ജിമാര്‍ നിരീക്ഷിച്ചു.
ജസ്റ്റിസ് കെറ്റാഞ്ചി ബ്രൗണ്‍ ജാക്‌സണ്‍ എതിര്‍വാദം രേഖപ്പെടുത്തി. ജസ്റ്റിസുമാരായ എലീന കേഗന്‍, സോണിയ സോട്ടൊമയോര്‍ എന്നിവര്‍ അവരോടൊപ്പം നിന്നു.
'കീഴ് കോടതികള്‍ തടഞ്ഞ നയങ്ങള്‍ക്കായി ഭരണകൂടം പതിവായി സുപ്രീംകോടതിയില്‍ അടിയന്തരമായി സഹായം തേടുന്നു. അതുപോലെ തന്നെ ഈ കോടതി അതിന്റെ ചുമതലയെന്താണ് എന്നതില്‍ തെറ്റിദ്ധരിക്കുകയാണ്,'ജസ്റ്റിസ് ജാക്‌സണ്‍ വിധിയില്‍ എഴുതി.
പാസ്‌പോര്‍ട്ട് നയം ഉടന്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യം 'അവ്യക്തവും അപ്രസക്തവുമാണ്'എന്നും 'തീരുമാനത്തിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നവര്‍ക്കുള്ള യാഥാര്‍ത്ഥ്യമായ നാശനഷ്ടങ്ങള്‍ അതിലേറെ ഗൗരവമുള്ളവയാണ്'എന്നും അവര്‍ അഭിപ്രായപ്പെട്ടു.
'ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരെയുളള ഗുരുതരമായ തിരിച്ചടിയാണ് ഈ തീരുമാനമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ (ACLU) LGBTQ & HIV പ്രോജക്ട് വിഭാഗത്തിലെ സീനിയര്‍ കൗണ്‍സലായ ജോണ്‍ ഡേവിഡ്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു:
ട്രംപ് ഭരണകൂടം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ഇതിലൂടെ കൂടുതല്‍ ഇന്ധനം ലഭിച്ചുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ട്രംപ് സര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീംകോടതി; ട്രാന്‍സ്‌ജെന്‍ഡര്‍ പാസ്‌പോര്‍ട്ട് നയം നടപ്പാക്കാം
