വാഷിംഗ്ടണ്‍: അമേരിക്കയിലെ 4.2 കോടി ദാരിദ്ര്യബാധിതര്‍ക്കുള്ള ഭക്ഷ്യസഹായം (ഫുഡ് സ്റ്റാമ്പ്) ഉടനടി പുനരാരംഭിക്കണമെന്ന് ഫെഡറല്‍ ജഡ്ജി ജോണ്‍ ജെ. മക്കോണല്‍ ജൂനിയര്‍ ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടു.
സര്‍ക്കാരിന്റെ അനാസ്ഥ മൂലം കോടിക്കണക്കിന് അമേരിക്കക്കാരെ വിശപ്പിലേക്ക് തള്ളിയെന്ന കടുത്ത വിമര്‍ശനമാണ് റൈഡ് ഐലന്‍ഡ് ജില്ലാ കോടതിയിലെ ജഡ്ജിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ആഴ്ച നല്‍കിയ കോടതി ഉത്തരവ് അവഗണിച്ചതിനാണ് ട്രംപ് ഭരണകൂടത്തിനെതിരെ ഈ രണ്ടാമത്തെ കടുത്ത നിയമനടപടി.
കോടതിയില്‍ നിന്നു നേരിട്ട് ഉത്തരവായിച്ച് വായിക്കവെ, ട്രംപ് ഭരണകൂടം 'രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് തന്നെ ഫുഡ് സ്റ്റാമ്പ് പദ്ധതിയെ ഉദ്ദേശപൂര്‍വ്വം തടസ്സപ്പെടുത്തിയതായി' ജഡ്ജി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നതുവരെ ഫുഡ് സ്റ്റാമ്പിന് പണം നല്‍കുന്നത് നിര്‍ത്തിവെക്കുമെന്ന് ഈ ആഴ്ച ട്രംപ് ഭീഷണിപ്പെടുത്തിയതായി കോടതി രേഖപ്പെടുത്തി. പിന്നീട് വൈറ്റ് ഹൗസ് ഈ പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും, അതിലൂടെ കോടതി ഉത്തരവുകള്‍ അവഗണിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.
'അമേരിക്കയില്‍ ഇങ്ങനെ സംഭവിക്കരുത്,' ജഡ്ജി മക്കോണല്‍ മുന്നറിയിപ്പ് നല്‍കി. 'ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണസുരക്ഷ ലഭിക്കാതാകുന്ന അവസ്ഥ സര്‍ക്കാര്‍ സൃഷ്ടിക്കരുത്.'
ഭരണകൂടത്തിന് വെള്ളിയാഴ്ചവരെ കോടതി സമയം നല്‍കിയിട്ടുണ്ട്. അതിനകം SNAP (Supplemental Nturition Assistance Program) എന്ന ഭക്ഷ്യസഹായ പദ്ധതി പൂര്‍ണ്ണമായും പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി.
വിഷയത്തില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസും കൃഷിവകുപ്പും നീതിന്യായ വകുപ്പും വിസമ്മതിച്ചു.
നഗരസഭകളും മതസംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും ചേര്‍ന്നുനല്‍കിയ ഹര്‍ജിക്ക് അനുകൂലമായാണ് ഈ വിധി വന്നത്. രാജ്യത്തെ എട്ടില്‍ ഒരാള്‍ വീതം SNAP പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ട്രംപ് ഭരണകൂടം ഫണ്ട് തടഞ്ഞതിനെ തുടര്‍ന്ന് പദ്ധതി നവംബറില്‍ തന്നെ പൂര്‍ണ്ണമായും നിലയ്ക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
കൃഷിവകുപ്പിന് ആവശ്യമായ ഫണ്ട് ലഭ്യമായിരുന്നിട്ടും, രണ്ട് ഫെഡറല്‍ കോടതികള്‍ ഇടപെട്ടതിനു ശേഷമാണ് ട്രംപ് ഭരണകൂടം ഭാഗികമായി ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ പുതുവിധികളാല്‍ പലര്‍ക്കും ഈ മാസം സഹായം ലഭിക്കാതെപോയി.
ഇതിനെതിരെ പല സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചു. 'ജനങ്ങളുടെ വിശപ്പിനെ രാഷ്ട്രീയ ആയുധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്,' എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക ക്രിസ്റ്റിന്‍ ബാറ്റ്മാന്‍ കോടതിയില്‍ ആരോപിച്ചു.
SNAP ഫണ്ടുകള്‍ ഉടന്‍ പൂര്‍ണ്ണമായി വിട്ടുകൊടുക്കണമെന്ന് 20ലധികം സംസ്ഥാനങ്ങള്‍ കൂടി മാസാച്ചുസെറ്റ്‌സിലെ ഫെഡറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യ സഹായം നിര്‍ത്തിയതില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ താക്കീത്; ഏകദേശം 4.2 കോടി ദാരിദ്ര്യബാധിതര്‍ക്കുള്ള സഹായം ഉടന്‍ നല്‍കണം
