ഡാളസ് കൗബോയ്‌സ് താരം മാര്‍ഷണ്‍ നീലന്‍ഡിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഡാളസ് കൗബോയ്‌സ് താരം മാര്‍ഷണ്‍ നീലന്‍ഡിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി


ഡാളസ് : എന്‍.എഫ്.എല്‍. ടീമായ ഡാളസ് കൗബോയ്‌സിന്റെ യുവതാരം മാര്‍ഷണ്‍ നീലന്‍ഡ് (24)നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ ഫ്രിസ്‌കോ നഗരത്തിലാണ് സംഭവം. പൊലീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം, ബുധനാഴ്ച രാത്രി 10.30ഓടെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ട്രൂപ്പര്‍മാര്‍ നീലന്‍ഡ് യാത്ര ചെയ്തിരുന്ന കാറിനെ തടയാന്‍ ശ്രമിച്ചിരുന്നു. എങ്കിലും അദ്ദേഹം വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. സുരക്ഷാ ഉദ്യോഗസ്ഥരും പിന്തുടര്‍ന്നു.

തുടര്‍ന്ന് വാഹനം ഫ്രിസ്‌കോയിലെ ഡാലസ് പാര്‍ക്ക് വേയില്‍ ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തി. വാഹനത്തില്‍ നിന്ന് നീലന്‍ഡ് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസിന് ലഭിച്ച വിവരംപ്രകാരം, അദ്ദേഹം ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായി. തിരച്ചിലിനിടെ പുലര്‍ച്ചെ 1.30ഓടെ നീലന്‍ഡിനെ സ്വയം വെടിയുതിര്‍ത്ത് ജൂവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്ലാനോ പൊലീസും ഈ കേസില്‍ ഇടപെട്ടിരുന്നു. രാത്രി 11.40ഓടെ നീലന്‍ഡിന്റെ വിലാസത്തില്‍ നിന്നുള്ള 'വെല്‍ഫെയര്‍ കണ്‍സേണ്‍' കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയെങ്കിലും അന്നത്തെ സമയത്ത് ആരെയും കണ്ടിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. മരണകാരണം സ്ഥിരീകരിക്കാന്‍ കോളിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ അന്വേഷണം ആരംഭിച്ചു.

'മാര്‍ഷണ്‍ നീലന്‍ഡിന്റെ അകാലമരണത്തില്‍ ഞങ്ങള്‍ അത്യന്തം ദുഃഖിതരാണെന്ന് ഡാളസ് കൗബോയ്‌സ് ടീം പ്രസ്താവനയില്‍ പറഞ്ഞു. 'അദ്ദേഹം ഞങ്ങളുടെ സംഘത്തിന്റെ പ്രിയപ്പെട്ട അംഗമായിരുന്നു. ഈ ദുഃഖസമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും കുടുംബത്തിനും ഞങ്ങളുടെ പ്രാര്‍ത്ഥനകളും പിന്തുണയും അര്‍പ്പിക്കുന്നു.'

നീലന്‍ഡിന്റെ ഏജന്റായ ജോനാഥന്‍ പെര്‍സ്ലിയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. 'വെസ്‌റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്വപ്നങ്ങളുള്ള വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണല്‍ താരമായതിനുള്ള അദ്ദേഹത്തിന്റെ യാത്ര അതുല്യമായിരുന്നുവെന്ന് പെര്‍സ്ലി പറഞ്ഞു.

2024ലെ എന്‍.എഫ്.എല്‍. ഡ്രാഫ്റ്റില്‍ രണ്ടാം റൗണ്ടില്‍ (56ആം സ്ഥാനത്ത്) ആണ് ഡാളസ് കൗബോയ്‌സ് നീലന്‍ഡിനെ തെരഞ്ഞെടുത്തത്. 2024ല്‍ 11 മത്സരങ്ങളിലും 2025ല്‍ ഏഴിലും അദ്ദേഹം കളിച്ചു. കഴിഞ്ഞ ആഴ്ച അരിസോണ കാര്‍ഡിനല്‍സിനെതിരായ മത്സരത്തില്‍ ആദ്യ ടച്ച്ഡൗണ്‍ നേടുകയും ചെയ്തു.

 'മാര്‍ഷണ്‍ ഒരു മികച്ച കളിക്കാരന്‍ മാത്രമല്ല, അതുല്യനായ വ്യക്തിത്വവുമായിരുന്നു. ഈ നഷ്ടം ഞങ്ങളെ തകര്‍ത്തിരിക്കുന്നു.' വെസ്‌റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പരിശീലകനായ ലാന്‍സ് ടെയ്‌ലര്‍ പറഞ്ഞു.

നീലന്‍ഡിന്റെ മരണത്തില്‍ എന്‍.എഫ്.എല്‍. കളിക്കാരുടെ സംഘടനയും അനുശോചിച്ചു. 'അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ഫുട്‌ബോള്‍ സമൂഹത്തിനും വലിയ നഷ്ടമാണെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞു.