ഗാന്ധിനഗര്‍: പടിഞ്ഞാറന്‍ ഇന്ത്യയിലെ ഖനിയില്‍ നിന്ന് എക്കാലത്തെയും വലിയ പാമ്പായ 'വാസുകി'യുടെ ഫോസില്‍ കണ്ടെത്തി. ഗുജറാത്തിലെ ഒരു ഖനിയില്‍ നിന്ന് കണ്ടെത്തിയ ഭീമാകാരമായ പാമ്പ് ഫോസില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പുകളുടേതാണ്. അതുകൊണ്ടാണ് അതിന് വാസുകി ഇന്‍ഡിക്കസ് എന്ന പേര് നല്‍കിയത്.
ഭീമാകാരമായ പാമ്പിന് 15 മീറ്റര്‍ നീളമുള്ളതായാണ് കണക്കാക്കുന്നത്. ശാസ്ത്രജ്ഞര്‍ 27 കശേരുക്കള്‍ കണ്ടെത്തി. വാസുകി ഒരു വലിയ പെരുമ്പാമ്പിനെപ്പോലെയാണെന്നും വിഷം കുറവാണെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
പടിഞ്ഞാറന്‍ ഗുജറാത്തിലെ പനന്ദ്രോയിലാണ് ഫോസില്‍ കണ്ടെത്തിയ ലിഗ്‌നൈറ്റ് ഖനി സ്ഥിതി ചെയ്യുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) പാലിയന്റോളജിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകന്‍ ദേബജിത് ദത്ത പറഞ്ഞത് പാമ്പിന്റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ അനക്കോണ്ടകളെപ്പോലെ സങ്കോചത്തിലൂടെ ഇരയെ നിയന്ത്രിക്കാന്‍ സാവധാനത്തില്‍ ചലിക്കുന്ന വേട്ടക്കാരനായിരുന്നു വാസുകിയെന്നാണ്. ആഗോളതാപനം ഇന്നത്തേതിലും കൂടുതലായിരുന്ന കാലത്ത് തീരത്തിനടുത്തുള്ള ഒരു ചതുപ്പുനിലത്തിലാണ് ഈ പാമ്പ് താമസിച്ചിരുന്നത്.
പാമ്പിന് 2,200 പൗണ്ട് (1,000 കിലോഗ്രാം) വരെ ഭാരമുണ്ടാകുമെന്ന് ഗവേഷകര്‍ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പറഞ്ഞു.
ഹൈന്ദവ ദേവനായ ശിവന്റെ കഴുത്തില്‍ ചുരുളില്‍ കാണപ്പെടുന്ന പുരാണ പാമ്പ രാജാവായ വാസുകിയുടെ പേരിലാണ് വാസുകി എന്ന പേര് ലഭിച്ചത്.
പാമ്പിന്റെ നട്ടെല്ലിന്റെ അവശിഷ്ടങ്ങള്‍ 2005-ല്‍ സുനില്‍ ബാജ്പേയ് കണ്ടെത്തി. വലിപ്പം കണക്കാക്കാന്‍ ഗവേഷകര്‍ 20-ലധികം ഫോസില്‍ കശേരുക്കളെ ജീവനുള്ള പാമ്പുകളുടെ അസ്ഥികൂടങ്ങളുമായി താരതമ്യം ചെയ്തിരുന്നു. മറ്റൊരു വലിയ ചരിത്രാതീത പാമ്പായ ടൈറ്റനോബോവയുടെ കശേരുക്കള്‍ വാസുകിയുടേതിനേക്കാള്‍ അല്പം വലുതാണെങ്കിലും ശരീര ദൈര്‍ഘ്യം താരതമ്യപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും, ടൈറ്റനോബോവയെ അപേക്ഷിച്ച് വാസുകി കൂടുതല്‍ വലുതാണോ മെലിഞ്ഞതാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സുനില്‍ ബാജ്പേയ് പറഞ്ഞു.
13 മീറ്റര്‍ നീളവും 1 ടണ്ണില്‍ കൂടുതല്‍ ഭാരവുമുള്ള ടൈറ്റനോബോവ 58 മില്യണ്‍ മുതല്‍ 60 മില്യണ്‍ വരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്് ജീവിച്ചിരുന്നത്.
ഭീമന്‍ പാമ്പായിരുന്നു വാസുകിയെന്നും സ്വന്തം കൂറ്റന്‍ ചുരുളില്‍ തല ചായ്ച്ചിരിക്കാമെന്നും അല്ലെങ്കില്‍ ചതുപ്പിലൂടെ അലസമായി നീങ്ങിയിരിക്കാമെന്നുമാണ് പാലിയന്റോളജിസ്റ്റ് ദേബജിത് ദത്ത പറഞ്ഞത്.
വാസുകിയുടെ ഭക്ഷണക്രമത്തിലെ നിഗൂഢത അവശേഷിക്കുന്നുണ്ട്. വലിപ്പം വെച്ച് നോക്കിയാല്‍ മുതലകളെ ഇരയാക്കാമായിരുന്നു. എന്നാല്‍ കൗതുകകരമെന്നു പറയട്ടെ, വാസുകിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം മുതലയുടെയും ആമയുടെയും ഫോസിലുകളും മത്സ്യങ്ങളും രണ്ട് പ്രാകൃത തിമിംഗലങ്ങളും കണ്ടെത്തി.