കേരളത്തിലെ ജനങ്ങളുടെ വാര്‍ഷിക ആശുപത്രി ചെലവ് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം

കേരളത്തിലെ ജനങ്ങളുടെ വാര്‍ഷിക ആശുപത്രി ചെലവ് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം


തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിലെ കുടുംബങ്ങള്‍ ചെലവഴിക്കുന്നത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമെന്ന് റിപ്പോര്‍ട്ട്.   

മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്ത്രവും രോഗരീതികളുമാണ് കേരളത്തിലെ ഉയര്‍ന്ന ആശുപത്രി ചെലവുകള്‍ക്ക് പിന്നിലെ പ്രാഥമിക കാരണങ്ങളായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിവേഗം പ്രായമാകുന്ന ജനസംഖ്യയും ചെറുപ്പത്തില്‍ തന്നെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളുടെ കുതിച്ചുചാട്ടവുമാണ് ആരോഗ്യരംഗത്ത് സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍. ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ സ്വകാര്യ ആശുപത്രികള്‍ മുന്‍ഗണന നല്‍കുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അഭാവവും കുടുംബങ്ങളുടെ പോക്കറ്റില്‍ നിന്ന് ഗണ്യമായി പണച്ചെലവുകള്‍ക്ക് കാരണമാകുന്നു.

ജനസംഖ്യയുടെ വലിയൊരു ഭാഗം ചെറുപ്പത്തില്‍ തന്നെ ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചവരും അതിന് ചികിത്സ തേടുന്നവരുമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള ഉയര്‍ന്ന പരിഗണനയുള്ളതിനാല്‍ ലഘുവായ പ്രശ്‌നങ്ങള്‍ക്കുപോലും പ്രതിവിധി തേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം ജനസംഖ്യാശാസ്ത്രവും രോഗരീതികളുമാണ് കേരളീയരുടെ ഉയര്‍ന്ന ആശുപത്രി ചെലവുകള്‍ക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കേരളത്തിലെ പ്രായമായവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സൗകര്യങ്ങളേക്കാള്‍ സ്വകാര്യ ആശുപത്രികളിലാണ് കൂടുതല്‍ പേരും ചികിത്സയ്ക്ക് മുന്‍ഗണന നല്‍കുന്നത്. കേരളത്തിലെ ജനസംഖ്യയുടെ 15% ല്‍ താഴെ ആളുകള്‍ക്ക് മാേ്രത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളൂ എന്നാണ് കണക്ക്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശുപത്രി ചികിത്സയ്ക്കായി കേരളത്തിന്റെ ശരാശരി ചെലവ് ഉയര്‍ന്നതാണെന്ന് ആരോഗ്യ സാമ്പത്തിക വിദഗ്ധന്‍ അരുണ്‍ നായര്‍ പറഞ്ഞു. ഇന്‍പേഷ്യന്റ് പരിചരണം മാത്രമല്ല, ഔട്ട്‌പേഷ്യന്റ് പരിചരണം, പ്രത്യേകിച്ച് മരുന്നുകളുടെ ഉപഭോഗം, ഡയഗ്‌നോസ്റ്റിക്, ലബോറട്ടറി പരിശോധനകള്‍ എന്നിവയും പോക്കറ്റില്‍ നിന്ന് കൂടുതല്‍ ചെലവഴിക്കുന്നതിനുള്ള കാരണങ്ങളാണ്.

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സംവിധാന പരിഷ്‌കരണ പരിപാടികള്‍ കാരണം പൊതുജനാരോഗ്യ സംവിധാനത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതില്‍ വ്യക്തമായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിവാസ ചെലവുകള്‍ കുടുംബങ്ങളില്‍ കാര്യമായ ഭാരം സൃഷ്ടിക്കുന്നതിനാല്‍, പ്രാഥമിക ആരോഗ്യ സംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സാംക്രമികേതര രോഗങ്ങളെക്കുറിച്ചുള്ള അവബോധത്തിലും പ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും പൊതുമേഖലയിലെ ദ്വിതീയ, തൃതീയ പരിചരണ സേവനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശക്തിയും വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സ്വകാര്യമേഖലയിലെ ലാഭവിഹിതം ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെയും ചെലവുകള്‍ കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആശുപത്രി ചികിത്സാച്ചെലവ് കുറവാണെങ്കിലും, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ജീവിതശൈലി രോഗങ്ങളുടെ നേരത്തെയുള്ള രോഗനിര്‍ണയവും കാരണം വാര്‍ഷിക ആശുപത്രി ചെലവ് വളരെ ഉയര്‍ന്നതാണെന്ന് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റും റൂമറ്റോളജിസ്റ്റുമായ ഡോ. പദ്മനാഭ ഷേണായ് പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസനിരക്ക് ആരോഗ്യ പരിരക്ഷ തേടുന്ന പെരുമാറ്റത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.