കോവിഡ് ലോക്ക്ഡൗണ്‍ കുട്ടികളുടെ കാഴ്ചയെ വലിയ രീതിയില്‍ ബാധിച്ചതായി പഠനം

കോവിഡ് ലോക്ക്ഡൗണ്‍ കുട്ടികളുടെ കാഴ്ചയെ വലിയ രീതിയില്‍ ബാധിച്ചതായി പഠനം


ലണ്ടന്‍: ആഗോളതലത്തില്‍ കുട്ടികളുടെ കാഴ്ചശക്തി ക്രമാതീതമായി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. നിലവില്‍ ഓരോ മൂന്നു കുട്ടികളില്‍ ഒരാള്‍ ഹ്രസ്വദൃഷ്ടിയുള്ളവരോ ദൂരെയുള്ള കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയാത്തവരോ ആണെന്ന് പുതിയ വിശകലനം കാണിക്കുന്നു. കോവിഡിന് ശേഷമാണ് ഈ പ്രവണത കൂടുതല്‍ വ്യാപകമായത്. 

2050-ഓടെ ദശലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കാന്‍ പോകുന്ന ലോകത്തിലെ പുതിയ ആരോഗ്യ പ്രശ്നമാണ് ഹ്രസ്വദൃഷ്ടി അല്ലെങ്കില്‍ മയോപിയയെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടായതോടെ കുട്ടികള്‍ സ്‌ക്രീനില്‍ കൂടുതല്‍ സമയവും വെളിയില്‍ കുറച്ച് സമയവും ചെലവഴിക്കാന്‍ തുടങ്ങിയതോടെ അവരുടെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കകുയായിരുന്നു. 

മയോപിയയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഏഷ്യയിലാണ്- ജപ്പാനിലെ കുട്ടികളില്‍ 85 ശതമാനവും ദക്ഷിണ കൊറിയയിലെ 73 ശതമാനവും ദൂരെയുള്ള വസ്തുക്കള്‍ കാണാനാവാത്തവരാണ്. ചൈനയിലും റഷ്യയിലും 40 ശതമാനത്തിലധികമാണ് ഇത്തരത്തില്‍ ബാധിച്ചവരുള്ളത്. 

ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ആറ് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ദശലക്ഷത്തിലധികം കുട്ടികളിലും കൗമാരക്കാരിലുമാണ് ഗവേഷണം നടത്തിയത്.

പരാഗ്വേയിലും ഉഗാണ്ടയിലും ഏകദേശം ഒരു ശതമാനത്തോളം മയോപിയയുടെ ഏറ്റവും താഴ്ന്ന നിലയാണുള്ളത്. യു കെ, അയര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ ഏകദേശം 15 ശതമാനമുണ്ട്.

1990നും 2023നും ഇടയില്‍ ഹ്രസ്വദൃഷ്ടി 36 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. കോവിഡിന് ശേഷമാണ് വര്‍ധനവില്‍ ഉയര്‍ച്ചയുണ്ടായതെന്ന് പ്രത്യേകിച്ച് ശ്രദ്ധേയമാണെന്ന് ഗവേഷകര്‍ ആവര്‍ത്തിച്ചു.

സാധാരണയായി, മയോപിയ പ്രൈമറി സ്‌കൂള്‍ വര്‍ഷങ്ങളില്‍ ആരംഭിക്കുകയും ഏകദേശം 20 വയസ്സ് പ്രായമാകുമ്പോള്‍ കണ്ണിന്റെ വളര്‍ച്ച നിര്‍ത്തുമ്പോഴേക്കും വഷളാകുകയും ചെയ്യും.

കാഴ്ചയുടെ ആരോഗ്യത്തില്‍ ജനിതകശാസ്ത്രത്തിന് പങ്കുണ്ടെങ്കിലും കിഴക്കന്‍ ഏഷ്യയില്‍ താമസിക്കുന്നത് പോലുള്ള മറ്റ് ഘടകങ്ങളും മയോപിയ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുപ്പക്കാര്‍ അവരുടെ ആദ്യ വര്‍ഷങ്ങളില്‍ കൂടുതല്‍ സമയം പുസ്തകങ്ങളിലും സ്‌ക്രീനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് വാദം. ഇത് കണ്ണുകളുടെ പേശികളില്‍ ആയാസമുണ്ടാക്കുകയും മയോപിയയിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഗവേഷണം സൂചിപ്പിക്കുന്നു.

ഈ കാരണങ്ങള്‍ക്കു പുറമേ പകര്‍ച്ചവ്യാധികളും ലോക്ക്ഡൗണുകളും കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി തുടരുന്നു.

തെളിവുകള്‍ പ്രകാരം കോവിഡും കാഴ്ച ശക്തിയിലെ കുറവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ കുറിച്ചത്. 

2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള പകുതിയിലധികം കൗമാരക്കാരെയും ഈ അവസ്ഥ ബാധിക്കുമെന്ന് ഗവേഷണം പ്രവചിക്കുന്നു.

ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി കുറയാനുള്ള സാധ്യത കൂടുതലാണ്.

പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും ആണ്‍കുട്ടികളേക്കാളും യുവാക്കളേക്കാളും കാഴ്ചശക്തി കുറവായിരിക്കും. കാരണം അവര്‍ വളര്‍ച്ചാ കാലഘട്ടത്തില്‍ സ്‌കൂളിലും വീട്ടിലും പുറത്തുള്ള കളികളില്‍ സമയം ചെലവഴിക്കുന്നത് കുറവാണെന്നതാണ്. 

പ്രായപൂര്‍ത്തിയാകുന്നത് ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെ വളര്‍ച്ചയും വികാസവും നേരത്തെ ആരംഭിക്കുന്നതിനാല്‍ അവര്‍ ചെറുപ്രായത്തില്‍ തന്നെ ഹ്രസ്വദൃഷ്ടി അനുഭവപ്പെടുന്നു.

കുട്ടികള്‍ ഹ്രസ്വദൃഷ്ടിയുള്ളവരാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് പ്രത്യേകിച്ച് ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പുറത്ത് ചെലവഴിക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.