ന്യൂഡല്‍ഹി: രക്താതിസമ്മര്‍ദ്ദം (ബി പി) ഉള്ള രോഗികള്‍ക്ക് ഒറ്റമരുന്നുകളെക്കാള്‍ ഏറെ ഫലപ്രദമായത് രണ്ട് മരുന്നുകളുടെ കോംബിനേഷന്‍ ആണെന്ന് ഇന്ത്യയിലെ മെഡിക്കല്‍ ഗവേഷകരുടെ സംഘം കണ്ടെത്തി. നിലവില്‍ ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ ഉള്‍പ്പെട്ട മൂന്ന് കോംബിനേഷനുകള്‍ ഏറ്റവും ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റിനെ മാറ്റിമറിച്ചേക്കാവുന്ന നിര്‍ണായക ക്ലിനിക്കല്‍ പരീക്ഷണഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) സഹകരിച്ച്, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ (സിസിഡിസി) ആണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്തുടനീളം 35 ഓളം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ രോഗികളുമായി ബന്ധിപ്പിച്ചായിരുന്നു പഠനം.
ടോപ്‌സ്പിന്‍ (TOPSPIN ) എന്ന് പേരിട്ടിരിക്കുന്നതും ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ പരീക്ഷണം അംലോഡിപൈന്‍-പെരിന്‍ഡോപ്രില്‍, അംലോഡിപൈന്‍- ഇന്‍ഡപാമൈഡ്, പെരിന്‍ഡോപ്രില്‍- ഇന്‍ഡപാമൈഡ് എന്നിങ്ങനെ രണ്ടുവീതം മരുന്നുകള്‍ ഉള്‍പ്പെട്ട മൂന്നു കോമ്പിനേഷനുകളുടെ ഫലപ്രാപ്തിയാണ് പരിശോധിച്ചത്.
മൂന്ന് കോമ്പിനേഷനുകളും പരീക്ഷണത്തിന് വിധേയരായ ഏകദേശം 70 ശതമാനം രോഗികളിലും ബിപി നിയന്ത്രണം കൈവരിച്ചതായി വെളിപ്പെടുത്തി. അതായത്, ഒറ്റ മരുന്നിനേക്കാള്‍ അഞ്ചിരട്ടി ഫലപ്രദമാണ് കൂട്ടുമരുന്നുകളുടെ ഉപയോഗമെന്ന്.
സ്ഥിരമല്ലാത്ത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് മൂന്ന് കോമ്പിനേഷനുകളും ഒരുപോലെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അംലോഡിപൈന്‍, അംലോംഗ്, അംലോവാസ്, അംലോസെയ്ഫ് തുടങ്ങിയ ബ്രാന്‍ഡ് നാമങ്ങളില്‍ ലഭ്യമാണ്; പെരിന്‍ഡോപ്രില്‍ പെരിഗാര്‍ഡ്, ഗാറ്റോസില്‍, കവര്‍സില്‍ എന്നീ ബ്രാന്‍ഡുകളിലും, ഇന്‍ഡപാമൈഡ് നാട്രിലിക്‌സ്, ലോര്‍വാക്‌സ്, ഡിവ്രെറ്റ് എന്നീ ബ്രാന്‍ഡുകളിലും ലഭ്യമാണ്.
140/90 എംഎം എച്ച്ജി (മില്ലിമീറ്റര്‍ മെര്‍ക്കുറി)യോ അതിനെക്കാള്‍ ഉയര്‍ന്നതോ ആയ-സിസ്റ്റോളിക്, ഡയസ്റ്റോളിക് മര്‍ദ്ദം ഉണ്ടാകുന്നതിനെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈ ബിപി എന്നുപറയുന്നത്.
ഹൃദയത്തില്‍ നിന്നും ധമനികളിലേക്കും രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് സിസ്റ്റോളിക് മര്‍ദ്ദം, ഹൃദയമിടിപ്പുകള്‍ക്കിടയില്‍ ഹൃദയം വിശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമാണ് ഡയസ്റ്റോളിക് മര്‍ദ്ദം.
2022-24 കാലയളവില്‍ 1,981 ഇന്ത്യന്‍ രോഗികളില്‍ നടത്തിയ മള്‍ട്ടി-സെന്റര്‍, റാന്‍ഡമൈസ്ഡ് ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ ഞായറാഴ്ച ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ 2024 ശാസ്ത്ര സെഷനുകളിലാണ് അവതരിപ്പിച്ചത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ത്യയിലെ മരണനിരക്കിനും സ്‌ട്രോക്ക് മൂലമുള്ള വൈകല്യത്തിനും ഒരു പ്രധാന കാരണമാണ്. ഇത് ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തെ ബാധിക്കുന്നതായാണ് കണക്ക്. ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രണ നിരക്ക് വളരെ കുറവാണ്.ഗ്രാമപ്രദേശങ്ങളില്‍ 11 ശതമാനവും നഗരപ്രദേശങ്ങളില്‍ 20 ശതമാനവുമാണ് ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രണ നിരക്ക്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിന് രക്തസമ്മര്‍ദ്ദം ടാര്‍ഗെറ്റ് ലെവലിലേക്ക് കുറയ്ക്കുന്നത് നിര്‍ണായകമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു, ഈ ലക്ഷ്യം കൈവരിക്കുന്നതിന് പലപ്പോഴും ഒന്നിലധികം മരുന്നുകള്‍ ആവശ്യമാണ്. എന്നിരുന്നാലും, ദക്ഷിണേഷ്യന്‍ വംശജരായ രോഗികള്‍ക്ക് ആന്റിഹൈപ്പര്‍ടെന്‍സിവ് മരുന്നുകളുടെ ഏറ്റവും ഫലപ്രദമായ കോമ്പിനേഷനുകളെക്കുറിച്ചുള്ള നിര്‍ദ്ദിഷ്ട പരീക്ഷണ വിവരങ്ങള്‍ ലഭ്യമല്ല.
ഇന്ത്യയിലെ നിലവിലെ മരുന്ന് തിരഞ്ഞെടുക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാഥമികമായി അന്താരാഷ്ട്ര നിലവാരത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഈ കണ്ടെത്തലുകള്‍ ഇന്ത്യന്‍ രോഗികള്‍ക്ക് പൂര്‍ണ്ണമായും ബാധകമായേക്കില്ല.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഒറ്റമരുന്നുകളെക്കാള്‍ ഫലപ്രദം കൂട്ടുമരുന്നുകളെന്ന് കണ്ടെത്തല്‍