ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് ഇന്ത്യ സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച യന്ത്രത്തോക്കുകള്‍ സേനയ്ക്ക് വിതരണംചെയ്യും. തദ്ദേശീയമായി നിര്‍മ്മിച്ച 75,000 പുതിയ എകെ 203 റൈഫിളുകളാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുക. ഈ വര്‍ഷാവസാനത്തോടെ തന്നെ ഇവ വിതരണം ചെയ്യും. പഴയ ഐഎന്‍എസ്എഎസ് റൈഫിളുകള്‍ക്ക് പകരമായാണ് പ്രാദേശികമായി നിര്‍മ്മിച്ച ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള എകെ 203 റൈഫിളുകള്‍ രംഗത്ത് വരുന്നത്. പ്രതിരോധ രംഗത്ത് വലിയൊരു മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ എകെ 203 റൈഫിളുകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിക്കുന്നതാണ്. അമേത്തിയിലെ കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് ഇവയുടെ നിര്‍മ്മാണം നടക്കുന്നത്. ഈ റൈഫിളുകളുടെ പ്രധാന ഭാഗങ്ങള്‍ കാണ്‍പൂരിലെ സ്‌മോള്‍ ആംസ് ഫാക്ടറി (SAF) പോലുള്ള പ്രാദേശിക യൂണിറ്റുകളിലാണ് നിര്‍മ്മിക്കപ്പെടുന്നത്.
2023 മുതല്‍ സ്‌മോള്‍ ആംസ് ഫാക്ടറി ഫാക്ടറി റൈഫിളിന് ആവശ്യമായ ബാരല്‍, ട്രിഗര്‍ ഗ്രൂപ്പ്, റിസീവര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ നിര്‍മ്മിച്ചു വരുന്നു. നേരത്തെ ഇവ ഇറക്കുമതി ചെയ്തിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് മിഷന് കീഴില്‍, എകെ 203 ന്റെ മിക്ക ഭാഗങ്ങളും ഇപ്പോള്‍ സ്‌മോള്‍ ആംസ് ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നതെന്ന് ഫാക്ടറി ജനറല്‍ മാനേജര്‍ സുരേന്ദ്രപതി പറഞ്ഞു. സൈന്യത്തിലേക്കുള്ള ഈ റൈഫിളുകളുടെ വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സൈന്യത്തിന് 48,000 എകെ 203 റൈഫിളുകള്‍ ഇവിടെ നിന്നു തന്നെ വിതരണം ചെയ്തിരുന്നു. പുതിയ 75,000 റൈഫിളുകള്‍ കൂടി എത്തുന്നതോടെ ആകെ എണ്ണം 1.2 ലക്ഷം കവിയും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷത്തിലധികം റൈഫിളുകള്‍ സൈന്യത്തിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് ഏകദേശം 5,200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറമെ, കോര്‍വയിലെ നിര്‍മ്മാണ യൂണിറ്റിന് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകളും സബ്അസംബ്ലികളും എസ്എഎഫ് കാണ്‍പൂര്‍ നല്‍കുന്നുണ്ട്. റഷ്യയുടെ നിര്‍മ്മാണനിലവാരം പുലര്‍ത്തുന്നതിനായി പ്രത്യേക ലോഹസങ്കരവിദ്യകള്‍ വികസിപ്പിച്ചെടുക്കാനും ഇവര്‍ക്ക് സാധിച്ചു. ഇത് എകെ203 റൈഫിളിനെ ഒരു ഇന്ത്യന്‍ നിര്‍മ്മിത ആയുധം തന്നെയാക്കി മാറ്റിയിരിക്കുകയാണ്.
ഈ പദ്ധതിയുടെ വിജയത്തില്‍ എസ്എഎഫിന്റെ പ്രവര്‍ത്തനം നിര്‍ണായകമാണെന്ന് അധികൃതര്‍ പറയുന്നു. ചെറിയ ആയുധങ്ങളുടെ നിര്‍മ്മാണത്തിലും ഗവേഷണത്തിലും ഫാക്ടറിക്കുള്ള അനുഭവസമ്പത്ത് പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിച്ചു. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും നൂതനമായ ആയുധ സംവിധാനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനും ഒരു മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ അത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഫാക്ടറിക്ക് സാധിക്കും.
എകെ 203 റൈഫിളുകള്‍ക്ക് വിശ്വാസ്യത കൂടുതലാണ്. കൂടാതെ എളുപ്പത്തില്‍ ഈ ആയുധങ്ങളെ പരിപാലിക്കാനും സാധിക്കും. വിവിധ കാലാവസ്ഥകളില്‍ മികച്ച പ്രകടനശേഷിയുള്ള റൈഫിളുകളാണ് എകെ203. 7.62x39 എംഎം വെടിയുണ്ടകള്‍ ഉപയോഗിക്കുന്ന ഈ റൈഫിള്‍, എകെ47 ഡിസൈനിനോളം തന്നെ മെച്ചപ്പെട്ട ആധുനിക സവിശേഷതകളുള്ളതാണ്.
ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ ' ഇന്തോ റഷ്യന്‍ റൈഫിള്‍സ് ' ( IRRPL ) ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ പ്രതിമാസം 12,000 റൈഫിളുകള്‍ വരെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ സൈന്യത്തിനായി അമേത്തിയിലെ തോക്ക് ഫാക്ടറിയില്‍ നിര്‍മ്മിച്ച 75,000 പുതിയ എകെ 203 റൈഫിളുകള്‍
