ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ പാലിക്കാന്‍ തക്കവിധത്തില്‍ സ്വയം പര്യാപ്തത നേടിയ രാജ്യമാണെന്നും ആണവഭീഷണി ഉയര്‍ത്തി ഇന്ത്യന്‍ ജനതയെ ഭയപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.
രാജ്യം 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കയുടെ താരിഫ് യുദ്ധത്തെയും പാക്കിസ്ഥാന്‍ നടത്തിയ ആണവ ഭീഷണിയെയും പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഏതുഭീഷണിയും നേരിടാനുള്ള കരുത്ത് ഇന്ത്യ നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ആയുധ ബലം ശത്രുവിനെ അമ്പരിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആണവ ശേഷി പത്ത് ഇരട്ടിവര്‍ധിച്ചു. പാക്കിസ്ഥാന്റെ ഭീകര ആസ്ഥാനങ്ങള്‍ തകര്‍ന്നുകിടക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമായിരുന്നു. സങ്കല്പിക്കാനാവാത്ത കാര്യമാണ് നമ്മുടെ സൈന്യം നിര്‍വഹിച്ചത്. സമയവും സ്ഥലവും അവര്‍തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല് എന്നു പറഞ്ഞ മോഡി ഇന്ത്യ ഭക്ഷ്യസുരക്ഷ നേടിയതായി വ്യക്തമാക്കി. സ്വന്തം കരുത്തിലും കഴിവലും ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്. അതാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ വഴി. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട സാഹചര്യം ഇന്ത്യയ്ക്കില്ല. സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകര്‍ത്തരാജ്യമാണ് ഇന്ത്യയെന്നും ആക്രമണാത്മകമായ യുഎസ് തീരുവയെ സൂചിപ്പിച്ചുകൊണ്ട് മോഡി പറഞ്ഞു.
സാങ്കേതികവിദ്യയാണ് പുരോഗതിയിലേക്കുള്ള വഴി. ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വിപണിയില്‍ നിറയും. നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വിപരണിയില്‍ നിറയും. നിലവില്‍ ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഊര്‍ജ്ജമേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയില്‍ സൗരോര്‍ജ്ജ ഉപയോഗത്തില്‍ 30 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോഡി ചെങ്കോട്ടയില്‍ എത്തിയത്. 'നവ ഭാരതം' എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കും.
2014 മുതല്‍ കഴിഞ്ഞവര്‍ഷം വരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോഡി ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്ത സേനകളുടെ ആഭിമുഖ്യത്തില്‍ ബാന്റുകള്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയില്‍ മാത്രമായി ഇരുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യ സ്വയം പര്യാപ്തര്‍; ആണവ ഭീഷണി വിലപ്പോകില്ല; യുഎസ്-പാക് സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മോഡി
